തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കോണ്ടം ബ്രാന്‍ഡായ മൂഡ്‌സ് പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതികള്‍ക്കായി ദേശീയാടിസ്ഥാനത്തില്‍ രണ്ടു മാസം നീളുന്ന ഓണ്‍ലൈന്‍ സെല്‍ഫി മത്സരം നടത്തുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ രാജ്യത്തേറ്റവുമധികം വില്ക്കപ്പെടുന്ന ഗര്‍ഭനിരോധന ഉറയാണ് മൂഡ്‌സ്.

ഇന്ത്യയിലെ ഏറ്റവും മികച്ച മധുവിധു ലക്ഷ്യസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തിലെ കായലുകളുമായി ബന്ധപ്പെടുത്തി ‘മൂഡ്‌സ് ഓണ്‍ വേവ്‌സ് ബാക്ക്‌വാട്ടേഴ്‌സ് കണ്‍ടെസ്റ്റ്’ എന്ന പേരിലാണ് ദേശീയാടിസ്ഥാനത്തിലുള്ള മത്സരം നടത്തുന്നത്. ‘മൂഡ്‌സ് ഓണ്‍ വേവ്‌സ്’ എന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണിത്.

ഫെബ്രുവരി 14-ന് ചൊവ്വാഴ്ച ആരംഭിച്ച മത്സരം എച്ച്എല്‍എല്ലിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ കോര്‍പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ എച്ച്എല്‍എല്‍ സിഎംഡി ശ്രീ ആര്‍.പി ഖണ്‌ഡേല്‍വാല്‍ ഉദ്ഘാടനം ചെയ്തു.

മത്സരത്തില്‍ മുന്നിലെത്തുന്ന പത്ത് ദമ്പതികള്‍ക്ക് സൗജന്യമായി കേരളത്തിലെ ഹൗസ്‌ബോട്ടുകളില്‍ രണ്ടു പകലും ഒരു രാത്രിയും ചെലവഴിക്കാം. ഈ ഹൗസ്‌ബോട്ടുകള്‍ മൂഡ്‌സ് ഓണ്‍ വേവ്‌സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യും. വിജയികള്‍ക്ക് വന്നുപോകുന്നതിന് സൗജന്യ വിമാനയാത്രാ ടിക്കറ്റും നല്‍കും.

ഇന്ത്യയിലെ കായലുകളില്‍ ആദ്യമായാണ് മൂഡ്‌സ്ഓണ്‍വേവ്‌സ് പോലെ ഒരു സംരംഭമെന്ന് എച്ച്എല്‍എല്‍ സിഎംഡി ശ്രീ. ആര്‍. പി. ഖണ്ടേല്‍വാല്‍ പറഞ്ഞു. ബന്ധങ്ങളില്‍ കാലത്തിനൊപ്പം കടന്നുവരുന്ന വിരസത അകറ്റാനുള്ള ഒരു ശ്രമമാണിത്. വ്യക്തികളെ ഒരുമിച്ച് കൊണ്ടുവന്ന് അകലം കുറയ്ക്കുന്നതിലൂടെ മൂഡ്‌സ് ബന്ധങ്ങളെ സുദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

www.moodsplanet.com എന്ന വെബ്‌സൈറ്റിലെ #MoodsOnWaves ലിങ്കില്‍ ലഭിക്കുന്ന പേജിലാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യേണ്ടത് എന്ന് എച്ച്എല്‍എല്‍ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) ശ്രീ. ടി. രാജശേഖരന്‍ പറഞ്ഞു. ഇതോടൊപ്പം മത്സരാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങളും അതില്‍ ആവശ്യപ്പെടുന്ന പ്രകാരം ചേര്‍ക്കണം. സെല്‍ഫി പോസ്റ്റ് ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 14 ആണ്. വിജയികളെ മേയ് ഒന്നിന് പ്രഖ്യാപിക്കും. മൂന്നു മാസത്തിനകം വിജയികള്‍ സമ്മാനങ്ങള്‍ കൈപ്പറ്റണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ മികച്ച മധുവിധുകേന്ദ്രങ്ങളിലൊന്നായി കേരളത്തിലെ കായലുകള്‍ അറിയപ്പെടുന്നതുകൊണ്ടാണ് മത്സരത്തിനായി ഇവിടം തെരഞ്ഞെടുത്തത്. പ്രശസ്തമായ ‘ബ്രാന്‍ഡ്‌സ് ഓഫ് ഏഷ്യ’ പുരസ്‌കാരം ലഭിച്ച മൂഡ്‌സ് ഗര്‍ഭ നിരോധന ഉറകള്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കോണ്ടം നിര്‍മാതാക്കളായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഉത്പ്പന്നമാണ്. 2015-16 വര്‍ഷത്തില്‍ കമ്പനിക്ക് 1,062 കോടി രൂപ വിറ്റുവരവും 35 കോടി രൂപ ലാഭവും ഉണ്ടായിരുന്നു.

ചടങ്ങില്‍ എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രീ. ബാബു തോമസ്, ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ. ഇ.എ. സുബ്രഹ്മണ്യന്‍ എന്നിവരും പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook