മഴക്കാലം പ്രസരിപ്പും ഉന്മേഷവും നല്കുന്നതു വഴി ഗൃഹാതുരുത്വ ഓര്‍മ്മകള്‍ നമ്മളില്‍ ഉണര്‍ത്താറുണ്ട്. എന്നാല്‍ അതേ സമയം മഴക്കാലത്ത് ചര്‍മ്മത്തിനും മുടിയ്ക്കും കൂടുതല്‍ പരിപാലനം നല്‍കേണ്ടത് അത്യാവശ്യമാണ്. തലയോട്ടിയില്‍ എണ്ണമയം, വരണ്ട മുടിയിഴകള്‍, താരന് തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിച്ചേക്കാം.
‘സെബാഷിയസ് ഗ്രന്ഥി സെബം എന്ന എണ്ണമയമുളള പദാര്‍ത്ഥം ഉത്പാദിപ്പിക്കുന്നു. ഈര്‍പ്പം തങ്ങി നില്ക്കുന്ന സമയങ്ങളില്‍ മുടി കഴുകാത്തത് സെബം തലയോട്ടിയിലേയ്ക്ക് പടരാന്‍ കാണമാകുന്നു. മഴക്കാലത്ത് സെബം വഴി ബാക്റ്റീരിയ ഉണ്ടാവുകയും ഇത് താരന്, പേന്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു,’ പ്രശസ്ത ചര്‍മ രോഗ വിദഗ്ധനും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ ബി.എല്‍ ജന്‍ഗിദ് പറയുന്നു.
മഴക്കാലത്ത് വരാന്‍ സാധ്യതയുളള മുടി സംബന്ധമായ പ്രശ്നങ്ങള്‍ ഇവയൊക്കെയാണ്.
മുടി കൊഴിച്ചില്‍
തലയോട്ടിയിലും മുടിയിലും നിരന്തരമായി വിയര്‍പ്പും ഈര്‍പ്പവും തട്ടുന്നത് അവ വരണ്ടതാക്കാനും പെട്ടെന്ന് പൊട്ടി പോകാനും കാരണമാകുന്നു. ഇതു വഴി മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു. സാധാരണ സാഹചര്യത്തേക്കാളും മഴക്കാലത്ത് 30 ശതമാനത്തിലധികം മുടി കൊഴിയാന്‍ സാധ്യതയുണ്ട്. പെട്ടെന്നുളള കാലാവസ്ഥ മാറ്റം ഈ അവസ്ഥ കൂടുതല്‍ വഷളാക്കുന്നു. മലിനീകരണം, പുക, പൊടി എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകാം.
താരന്
മലസേഷ്യ എന്ന ഫംഗസ് ആണ് താരന് ഉണ്ടാക്കുന്നത്. തലയോട്ടിയില്‍ കാണപ്പെടുന്ന ഈ ഫംഗസ് കൂടുതലായി പുഷ്ടി പ്രാപിക്കുന്നത് മഴക്കാലത്താണ്. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. വിയര്പ്പുകൊണ്ടാണെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന ഇതിന്റെ പ്രധാന കാരണം താരനാണ്.
പേന്‍
മഴക്കാലത്ത് ഏറ്റവും അധികം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതമായ പേന്‍ ശല്യം. അന്തരീക്ഷത്തിലെ താപനിലയിലും ഈര്‍പ്പത്തിലും വ്യത്യാസം വരുന്നതിനാല്‍ ഈ സമയത്ത് പേനുകള്‍ പെരുകുന്നു.
തലയോട്ടിയിലെ അണുബാധയും ചൊറിച്ചിലും
മഴക്കാലത്ത് തലയോട്ടി കൂടുതല്‍ എണ്ണമയവും ഒട്ടിപ്പിടിക്കുന്നതായും കാണപ്പെടുന്നു. തലയോട്ടി സംബന്ധമായ രോഗങ്ങള്‍ മഴക്കാലത്ത് പതിവാണ്. നിരന്തരമായ ചൊറിച്ചിലും പഴുപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മഴക്കാലത്ത് പിന്തുടരേണ്ട ചില പൊടി കൈകള്‍ പരിചയപ്പെടുത്തുകയാണ് ഡോ. ജന്‍ഗിദ്.
- തലയോട്ടി എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. പുറത്തു പോയി വന്ന് തലയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ തലയോട്ടി വൃത്തിയാക്കുക. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാകും നല്ലത്.
- എണ്ണമയം നിറഞ്ഞ തലയോട്ടിയുളളവര് ജെല്‍ ഇനത്തിലുളള ഷാംപൂ ഉപയോഗിക്കുക. ഇത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും. വീര്യം കുറഞ്ഞ ഷാംപൂ, സെറം എന്നിവ ഒട്ടിപ്പിടിക്കുന്നതും എണ്ണമയവും ഇല്ലാതാക്കും.
- താരന് സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ആന്റി ബാക്റ്റീരിയല്‍ ഷാംപൂ
ഉപയോഗിക്കുന്നതാകും നല്ലത്. - നനഞ്ഞ മുടി കെട്ടി വയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. നല്ലവണ്ണം ഉണങ്ങിയ ശേഷം മാത്രം കെട്ടിവയ്ക്കുക.
ഇതെല്ലാം ചെയ്തിട്ടും പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാധിച്ചില്ലെങ്കില്‍ ഒരു നല്ല ചര്‍മ രോഗ വിദഗ്തനെ കാണേണ്ടതാണ്.