താരന്‍ ശല്യം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ വിഷമിക്കേണ്ട, താരനില്‍ നിന്നും രക്ഷ നേടാനുളള പ്രതിവിധികള്‍ നിർദ്ദേശിക്കുകയാണ് ചര്‍മരോഗ വിദഗ്ദനായ ഡോ. ബി.എല്‍ ജന്‍ഗീദ്.
തലയോട്ടിയില്‍ കാണപ്പെടുന്ന വെളുത്ത നിറത്തിലുളള താരന്‍ ആളുകളിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. “ലോകജനസംഖ്യയില്‍ തന്നെ 50 ശതമാനം ആളുകളെയും ബാധിക്കാന്‍ സാധ്യതയുളള ഒരു ചര്‍മ രോഗമാണ് താരന്‍. ചൊറിച്ചിലിനു കാരണമാവുന്ന താരൻ ക്രമേണ വ്രണങ്ങളായി മാറാനും കാരണമാവാറുണ്ട്. മഴക്കാലത്താണ് ഇത്തരത്തിലുളള ബുദ്ധിമുട്ടുകള്‍ കൂടുതലായി കണ്ടുവരുന്നത്,” ഡോ. ബി.എല്‍ ജന്‍ഗീദ് പറയുന്നു.
മുടിയുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കാന്‍ അമിതമായ താരന്‍ കാരണമാകും. തലയോട്ടിയിലെ വരള്‍ച്ച താരനു കാരണമാകുകയും അതുവഴി ആണുങ്ങളില്‍ കഷണ്ടി ഉണ്ടാക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കൂടുതലും കണ്ടുവരുന്ന ഈ പ്രശ്‌നം ലിംഗഭേദമന്യേ എല്ലാവരിലും ഉണ്ടാകുന്നതാണ്.
ആന്റിഫംഗലുകള്‍ ഉള്‍പ്പെടുന്ന ഷാംമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അധികം ഒട്ടിപ്പിടിയ്ക്കാത്ത എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതുവഴി താരന്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുടിയ്ക്ക് വേണ്ടിയുളള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നവ ആണെങ്കില്‍ താരന്റെ വളര്‍ച്ചയ്ക്ക് കാരണമായേക്കാം.
ദിവസവും തല കഴുകുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. പക്ഷെ മുടി പെട്ടെന്ന് ഉണങ്ങികിട്ടാനായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് പ്രതിക്കൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് വേണം ഹെയർ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാന്‍, അവയ്ക്ക് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തണം.
ഗുരുതരമായ രീതിയിലേക്ക് താരൻ വളരുന്നുവെങ്കിൽ ഉടനെ തന്നെ ഒരു നല്ല ചര്‍മ രോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്.