നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിനു വേണ്ടി തിരക്കഥാക്യത്ത് സുരേഷ് ബാബു വരച്ച കാരിക്കേച്ചറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുടുംബത്തിലെ അംഗങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളും ക്യാൻവാസിലിടം നേടിയിട്ടുണ്ട്. ‘തന്റെ കുടുംബാംഗങ്ങളാണ് ഇവരെല്ലാ’മെന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ഇതിൽ പുതിയതായി കുടുംബത്തിലേക്ക് വന്ന ഒരു പൂച്ചയുടെ കൂടി ഉൾപ്പെടുത്താനുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്.
‘മോഹൻലാൽ ഒരു ആവാസവ്യൂഹം’ എന്ന പേരിലാണ് വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. താരത്തിന് സഹജീവികളോടുളള സ്നേഹത്തെയും അനുകമ്പയേയും കുറിച്ചും സുരേഷ് വീഡിയോയിൽ പറയുന്നുണ്ട്. വളർത്തു മൃഗങ്ങളെ ക്യാൻവാസിൽ ഉൾപ്പെടുത്തുക എന്നത് ഭാര്യ സുചിത്രയുടെ ആശയമായിരുന്നെന്ന് മോഹൻലാൽ പറയുന്നു.സുരേഷ് വരച്ച് നൽകിയ മറ്റനവധി ചിത്രങ്ങളും മോഹൻലാലിന്റെ കളക്ഷനിലുണ്ട്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റാം’ ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായെന്നുളള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.