ജമൈക്കയിൽ നിന്നുള്ള ടോണി ആൻ സിങ്ങിന് ലോക സുന്ദരി പട്ടം. ഫ്രാൻസ് ഇന്ത്യൻ സുന്ദരികളെ പിന്തള്ളിയാണ് ടോണി ലോകസുന്ദരി പട്ടം ചൂടിയത്. ഫ്രാൻസിന്റെ ഒഫീലി മെസ്സിനോ ഫസ്റ്റ് റണ്ണർഅപ്പ് ആയപ്പോൾ ഇന്ത്യയുടെ സുമൻ റാവു സെക്കൻഡ് റണ്ണർഅപ്പ് സ്ഥാനവും കരസ്ഥമാക്കി. ലണ്ടനിൽ നടന്ന ലോകസുന്ദരി മത്സരത്തിന്റെ 69-ാം പതിപ്പിലാണ് ജമൈക്കക്കാരി ടോണി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 120 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇവരിൽ നിന്ന് അവസാന റൗണ്ടിലേക്ക് അഞ്ചു പേർ തിരഞ്ഞെുക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരിയായ ടോണി ആൻ യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലെ വിമൺ സ്റ്റഡീസ്–മനഃശാസ്ത്ര വിദ്യാർഥിനിയാണ്. ജമൈക്കയിലെ സെന്റ് തോമസ് സ്വദേശിയാണ് ടോണി. ലോക സുന്ദരി പട്ടം സ്വന്തമാക്കുന്ന നാലാമത്തെ ജമൈക്കകാരിയാണ് ടോണി ആൻ സിങ്. 1993ൽ ലിസ ഹന്നയിലൂടെയാണ് അവസാനമായി ലോകസുന്ദരി പട്ടം ജമൈക്കയിൽ എത്തിയത്.

രാജസ്ഥാൻ സ്വദേശിയാണ് സെക്കൻഡ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ട സുമൻ റാവു. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യ പുരസ്കാരം സ്വന്തമാക്കിയതിനെ തുടർന്നാണ് ലോകസുന്ദരി മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ മാനുഷി ചില്ലറിലൂടെയാണ് അവസാനമായി ഇന്ത്യയ്ക്ക് ലോകസുന്ദരി പുരസ്കാരം ലഭിച്ചത്.