ലോകസുന്ദരി പട്ടം നേടിയതിലൂടെ ഇന്ത്യയുടെ അഭിമാനം ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് മാനുഷി ഛില്ലർ. മെഡിക്കൽ വിദ്യാർഥിയായ മാനുഷിയെ മിസ് വേൾഡ് മൽസരം വരെ എത്തിച്ചത് അമ്മ ഒരിക്കൽ പറഞ്ഞ വാക്കുകളാണ്. ഒരു പ്രമുഖ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാനുഷി ഇക്കാര്യം പറഞ്ഞത്.

”ഐശ്വര്യ റായെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. മനു, നിന്നെ ഒരു ദിവസം അവിടെ ഞാൻ കാണുമെന്ന് അമ്മ എന്നോട് പറയുമായിരുന്നു. അന്നു മുതൽ മിസ് വേൾഡ് ഒരു സ്വപ്നമായിരുന്നു. അതിനൊപ്പം തന്നെ എനിക്കെന്റെ വിദ്യാഭ്യാസവും പ്രധാനപ്പെട്ടതായിരുന്നു. സ്വപ്നങ്ങൾ പിന്തുടരാനും എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുവാനും എന്റെ മാതാപിതാക്കൾ എപ്പോഴും എനിക്ക് പ്രചോദനം നൽകിയിരുന്നു” മാനുഷി പറഞ്ഞു.

ലോകസുന്ദരി പട്ടം നേടിയതിനുശേഷം വിദ്യാഭ്യാസം തുടരാൻ സാധിക്കുമോ എന്ന ചോദ്യത്തിന് എനിക്ക് മുൻപേ ലോകസുന്ദരിപ്പട്ടം നേടിയ പലരും അതിനുശേഷം തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണെന്നായിരുന്നു മാനുഷി പറഞ്ഞത്. ഒരു മെഡിക്കൽ വിദ്യാർഥി എന്ന നിലയിൽ പഠനത്തിന് എത്രമാത്രം പ്രാധാന്യം നൽകണമെന്ന് എനിക്ക് അറിയാം. പഠനം പൂർത്തിയാക്കാൻ വേണ്ടി ഞാനെന്തും ചെയ്യും. ഇപ്പോൾ ഞാൻ കോളേജിൽനിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. കുറച്ചുകഴിയുമ്പോൾ പഠനം തുടരുമെന്നും മാനുഷി പറഞ്ഞു.

മുൻ ലോകസുന്ദരിമാരായ ഐശ്വര്യ റായ്‌യെപ്പോലെയോ പ്രിയങ്ക ചോപ്രയെപ്പോലെയോ ബോളിവുഡിലേക്ക് കടക്കാൻ മാനുഷി ഉടനില്ല. ”ലോകസുന്ദരി പട്ടം നേടിയതിലൂടെ പല രാജ്യങ്ങളിലേക്ക് എനിക്ക് യാത്ര ചെയ്യേണ്ടതായുണ്ട്. ലോകമാകമാനമുളള ജനങ്ങളെ സഹായിക്കാനുളള അവസരമാണ് എനിക്ക് ലഭിച്ചിട്ടുളളത്. ഞാനിപ്പോൾ പ്രാധാന്യം നൽകുന്നത് സിനിമയ്ക്കല്ല. കുറേ കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. തൽക്കാലം അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ