scorecardresearch
Latest News

ഹർനാസ് സന്ധു: 21 വർഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച മിടുക്കി

വാട്ടർ ബേബി എന്നാണ് ഹർനാസ് സ്വയം വിശ്വസിപ്പിക്കുന്നത്, നീന്താനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നും നീന്തൽ തനിക്ക് ഏറെ ഉന്മേഷം സമ്മാനിക്കുന്നുവെന്നും ഹർനാസ് പറയുന്നു

Miss Universe Harnaaz Kaur Sandhu, Harnaaz Kaur Sandhu, who is Miss Universe 2021, who is Miss Universe 2021 news, Miss Universe updates

21 വർഷങ്ങൾക്ക് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ഹർനാസ് സന്ധു എന്ന പഞ്ചാബി പെൺകുട്ടി. ഇസ്രായേലിലെ എയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഹർനാസ് വിജയകിരീടം ചൂടിയത്. 1994ൽ സുസ്‌മിത സെനും, 2000ൽ ലാറാ ദത്തയും കിരീടം ചൂടിയ ശേഷം ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം ചൂടുന്നത് ഇപ്പോഴാണ്.

വളരെ ചെറുപ്പത്തിൽ തന്നെ മോഡലിംഗ് ആരംഭിച്ച ഹർനാസ് 2017ൽ മിസ്സ് ചണ്ഡിഗഡ് മത്സരത്തിലൂടെയാണ് സൗന്ദര്യമത്സരങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളിൽ കിരീടം ചൂടി. 2021 ഒക്ടോബറിൽ നടന്ന മിസ് യൂണിവേഴ്സ് പട്ടവും ഹർനാസ് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ് ഈ മിടുക്കി.

പ്രിയങ്ക ചോപ്രയുടെ വലിയൊരു ആരാധിക കൂടിയാണ് ഹർനാസ്. പ്രിയങ്കയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഹർനാസ് അഭിനയ രംഗത്തേക്ക് കടന്നുവരികയായിരുന്നു. നിരവധി പഞ്ചാബി സിനിമകളിൽ ഹർനാസ് അഭിനയിച്ചിട്ടുണ്ട്.

അമ്മയാണ് തന്റെ ജീവിതത്തിലെ വലിയ പ്രചോദനമെന്നാണ് ഹർനാസ് പറയുന്നത്. “തലമുറകളായി തുടരുന്ന പുരുഷാധിപത്യത്തെ തകർത്ത് വിജയകരമായ ഒരു ഗൈനക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുകയും ഒപ്പം മനോഹരമായി കുടുംബത്തെ നയിക്കുകയും ചെയ്ത വ്യക്തി,” ഹർനാസ് അമ്മയെ വിശേഷിപ്പിക്കുന്നതിങ്ങനെ.

അമ്മ നൽകിയ പ്രചോദനവും പിന്തുണയും മറ്റു സ്ത്രീകളിലേക്കും പകർന്നു നൽകാൻ ആഗ്രഹിച്ച ഹർനാസ്, അമ്മയ്‌ക്കൊപ്പം സ്ത്രീകളുടെ ആരോഗ്യവും ആർത്തവ ശുചിത്വവും അഭിസംബോധന ചെയ്യുന്ന ആരോഗ്യ ക്യാമ്പുകളുടെ ഭാഗമായും പ്രവർത്തിച്ചു. അമ്മയുടെ പോരാട്ടങ്ങൾ തനിക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെ കുറിച്ച് ബോധവതിയായ ഹർനാസ് സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലും ഭാഗവാക്കാണ്. വിദ്യാഭ്യാസം, തൊഴിൽ, അഭിപ്രായ സ്വാതന്ത്യം തുടങ്ങിയ സ്ത്രീകളുടെ ഭരണഘടനപരമായ അവകാശങ്ങൾക്കായി ഹർനാസ് നില കൊള്ളുന്നു.

സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ഹർനാസ് ഒഴിവുസമയങ്ങളിൽ സുഹൃത്തുക്കളുടെ കൂട്ടായ്മ ആസ്വദിക്കുന്നു. യോഗ, നൃത്തം, പാചകം, കുതിരസവാരി, ചെസ്സ് എന്നിവയെല്ലാം ഹർനാസിന്റെ പ്രിയപ്പെട്ട ഹോബികളാണ്. മിമിക്രിയിലും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് ഹർനാസ്. തന്റെ മാതൃഭാഷയായ പഞ്ചാബിയിൽ ഹർനാസ് ചെറുകവിതകൾ എഴുതാറുണ്ട്.

വാട്ടർ ബേബി എന്നാണ് ഹർനാസ് സ്വയം വിശ്വസിപ്പിക്കുന്നത്, നീന്താനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നും നീന്തൽ തനിക്ക് ഏറെ ഉന്മേഷം സമ്മാനിക്കുന്നുവെന്നും ഹർനാസ് തന്റെ ബയോഡേറ്റയിൽ പറയുന്നു. ശുഭാപ്തി “വിശ്വാസത്തോടെ നിരന്തരം പഠിക്കുകയും ശ്രമങ്ങൾ തുടരുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുന്നവർക്ക് വലിയ കാര്യങ്ങൾ സംഭവിക്കും,” എന്ന പഴമൊഴിയിൽ വിശ്വസിക്കുന്നവളാണ് താനെന്നും ഹർനാസ് കൂട്ടിച്ചേർക്കുന്നു.

Read more: ഇന്ത്യയുടെ ഹർനാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Miss universe 2021 harnaaz kaur sandhu punjabi actor