വിശ്വസുന്ദരി പട്ടം നേടി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി. ജോർജിയയിലെ അറ്റ്‌ലാന്റയിൽ നടന്ന മിസ് യൂണിവേഴ്സ് 2019 മത്സരത്തിലാണ് മിസ് ദക്ഷിണാഫ്രിക്ക 2019 വിജയി സോസിബിനി തുൻസിയെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത്. മത്സരത്തിന്റെ 68-ാം പതിപ്പിലാണ് 26കാരിയായ സോസിബിനി വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വിംസ്യൂട്ട്, ഗൗണ്‍ റൗണ്ട് എന്നിവയില്‍ മികവ് പുലർത്തിയ സോസിബിനി, ചോദ്യോത്തര വേളയിലും പക്വതയാർന്ന ഉത്തരങ്ങളിലൂടെ വിധികർത്താക്കളെ അതിശയിപ്പിച്ചു. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ‌ക്കുള്ള ഉത്തരങ്ങളും വിധികർത്താക്കളിൽ മതിപ്പുയർത്തി.

“എന്റേതുപോലെ ചർമമുള്ള, തലമുടിയുള്ള എന്നെപ്പോലൊരു സ്ത്രീ ഒരിക്കലും സുന്ദരിയായി കണക്കാക്കപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്താണ് ഞാൻ വളർന്നത്.” അവസാന പ്രതികരണത്തിൽ അവൾ പറഞ്ഞു. “ഇന്ന് അത് അവസാനിക്കുകയാണെന്ന് ഞാൻ കരുതുന്നു. കുട്ടികൾ എന്നെ നോക്കാനും എന്റെ മുഖം കാണാനും ഞാൻ ആഗ്രഹിക്കുന്നു, അവരുടെ മുഖം എന്നിൽ പ്രതിഫലിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിയായ തുൻസി പറഞ്ഞു.

View this post on Instagram

Phoenix Rising! #missSouthAfrica #MissUniverse

A post shared by Zozibini Tunzi (@zozitunzi) on

മിസ് മെക്സിക്കോ, മിസ് പ്യൂർട്ടോ റിക്കോ എന്നിവരാണ് മത്സരത്തിലെ റണ്ണേഴ്സ് അപ്പായത്. “നിങ്ങളുടെ ജീവിത ദൗത്യത്തിനായി നിങ്ങളുടെ സൗന്ദര്യം ഉപയോഗിക്കുന്നില്ലെങ്കിൽ, ഇത് ഒരൊഴിഞ്ഞ അലങ്കാരം മാത്രമാണ്,” മെക്സിക്കോയെ പ്രതിനിധീകരിക്കുന്ന സോഫിയ അരഗൻ നേരത്തെ മത്സരത്തിൽ പറഞ്ഞു. മാഡിസൺ ആൻഡേഴ്സൺ പ്യൂർട്ടോ റിക്കോയെ പ്രതിനിധീകരിച്ചു.

മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഔദ്യോഗിക പേജിൽ തുൻസി ഒരു മനുഷ്യാവകാശ പ്രവർത്തകയാണെന്നും ലിംഗ വിവേചനത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടെന്നും പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook