മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ആഞ്ജല പോൺസ് മത്സരിക്കാൻ എത്തിയപ്പോൾ സൃഷ്ടിച്ചത് ഒരു ചരിത്രം കൂടിയായിരുന്നു. മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയില്ലെങ്കിലും ചരിത്രത്തിന്റെ താളുകളിൽ ആഞ്ജലയുടെ പേര് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്ത ആദ്യ ട്രാൻസ്ജെൻഡർ വനിത എന്ന് തങ്കലിപികളാൽ എഴുതപ്പെട്ടു കഴിഞ്ഞു. നിലവിൽ മിസ് സ്പെയിൻ പട്ടത്തിന് ഉടമയാണ് ആഞ്ജല പോൺസ്.
മിസ് യൂണിവേഴ്‌സ് മത്സരത്തിന്റ പ്രിലിമിനറി മത്സരത്തിന് മുമ്പ് ആഞ്ജല ഇൻസ്റ്റഗ്രാമിൽ കുറിച്ചു, “ഇത് നിങ്ങൾക്ക് വേണ്ടിയാണ്, സമൂഹം കാണാൻ തയ്യാറാകാതെയും, കേൾക്കാൻ തയ്യാറകാത്തതുമായ, ബഹുമാനവും സ്വാതന്ത്ര്യവും അർഹിക്കുന്ന വിഭാഗത്തിന് വേണ്ടിയാണ്, ഇന്ന് ഞാൻ അഭിമാനപൂർവ്വം എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു, കൂടാതെ സ്ത്രീകളുടെ അവകാശത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിലകൊള്ളും.”
Cada vez más visibles, cada vez más fuertes @MissUniverse pic.twitter.com/dkh8kk3rZP
— ANGELA PONCE (@angelaponceof) December 13, 2018
ആഞ്ജലയുടെ അഭിപ്രായത്തിൽ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തത് തന്റെ അടങ്ങാത്ത ആഗ്രഹം നിറവേറ്റാനും, സ്പാനിഷ് സംസ്കാരത്തെ പ്രതിനിധീകരിക്കാൻ ആണെന്നുമാണ്. പരമ്പരാഗത വസ്ത്ര വിഭാഗത്തിൽ സ്പാനിഷ് വേഷമായ “ബാറ്റ ഡി കോള” ധരിച്ചാണ് മത്സര വേദിയിൽ ആഞ്ജല എത്തിയത്.
ആഞ്ജലയുടെ മത്സരം ചരിത്രത്തിലേക്കുള്ള ചുവട്‌വയ്പ് എന്നാണ് പ്രമുഖർ അഭിപ്രായപ്പെട്ടത്. സ്ത്രീയല്ല എന്ന കാരണത്താൽ 2012ൽ ജെന്ന ടാലാക്കോവ എന്ന ട്രാൻസ്ജെൻഡർ യുവതിയെ മിസ് കാനഡ മത്സരത്തിൽ നിന്നും അയോഗ്യയാക്കിയിരുന്നു. ഇതിന് വിഭിന്നമായ നടപടിയാണ് മിസ് യൂണിവേഴ്‌സ് അധികൃതർ ആഞ്ജലയോട് സ്വീകരിച്ചത്.