scorecardresearch
Latest News

അസ്പെർഗേഴ്‌സിനെ അതിജീവിക്കുന്ന നിറങ്ങൾ

ചിത്ര രചനകൊണ്ട് അസ്പെർഗേഴ്‌സ് സിൻഡ്രോമിന്രെ വെല്ലുവിളികളെ തോൽപ്പിക്കുന്ന സിദ്ധാർഥ് മുരളിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു കൊച്ചി ദർബാർഹാളിൽ നടത്തിയ ചിത്രപ്രദർശനം

sidharth murali,

കൊച്ചി : നിശബ്ദതയുടെ നിറമേതെന്നു ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏകാകിയുടെ മൗനത്തിന്റെ അർത്ഥം തേടിയിട്ടുണ്ടോ?

ഒരു പാകമായ മനസ്സിന്റെ ഉത്തരം കിട്ടാത്ത സമസ്യയായി ഈ ചോദ്യങ്ങളെ കാണരുത്. ഒരു കുഞ്ഞു മനസ്സിൽ, നിഷ്കളങ്കതയുടെ ബാല്യം തെളിഞ്ഞ ക്യാൻവാസുകളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്. വർണങ്ങളായി … വരകളായി… സന്തോഷമായി… സങ്കടമായി…

നമുക്ക് ഉത്തരങ്ങൾ പറഞ്ഞു തരുന്ന ആൾ സിദ്ധാർഥ് മുരളി നായരെന്ന സ്കൂൾ വിദ്യാർത്ഥിയാണ്. ആസ്പെർഗേഴ്‌സ് സിൻഡ്രോമിനെ സുന്ദരമായി ജീവിതത്തിന്റെ ചായക്കൂട്ടിൽ വരച്ചു വരുതിയാലാക്കുന്ന കൊച്ചു കലാകാരൻ. സിദ്ധാർഥ് മുരളിയുടെ ചിത്രങ്ങളെ പോലെ തന്നെ ജീവിതവും ഒട്ടേറെ പാഠങ്ങളാണ് പകർന്ന് നൽകുന്നത്.

ഓർമകളിൽ നിറം നിറക്കാനും, ഗതകാലത്തെ ഓർത്തു വെയ്ക്കാനും അത് നമ്മോടാവശ്യപ്പെടുന്നു.

രണ്ടാമത്തെ വയസ്സിൽ പെട്ടെന്ന് മൗനത്തിലേക്ക് ആണ്ടു പോയി സിദ്ധാർഥ്. പ്രജ്ഞ നഷ്ടപ്പെട്ടു പോകുന്നതിന്റെ നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. വേദനയുടെ ആ കാലം  അച്ഛൻ മുരളി തുമ്മാരുകുടി  ഓർമ്മിച്ചെടുത്തു.

ആട്ടിൻകൂട്ടം, സിദ്ധാർത്ഥ് വരച്ച ചിത്രം

അസ്പെർഗേഴ്‌സ് സിൻഡ്രോം ആണെന്ന് ഡോക്ടർമാർ വിധിയെഴുതി. സൗഹൃദങ്ങൾ നിലനിർത്താൻ ആഗ്രഹിക്കാതെ, പരിസരങ്ങളിൽ നിന്നും സ്വയം ഉൾവലിഞ്ഞ് അസ്പെർഗേഴ്‌സ് ലക്ഷണങ്ങളിൽ സിദ്ധാർത്ഥ് ബന്ധിക്കപ്പെടുന്നത് അമ്മ നോക്കി നിന്നു. മസിലുകൾക്ക് ശക്തി നഷ്ടപ്പെടുക, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്ന ശീലത്തിൽ വന്ന പരിമിതികൾ, ഇതൊക്കെയായിരുന്നു ആദ്യ ലക്ഷണങ്ങൾ.

“അക്കാലത്ത് അവൻ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുമായിരുന്നു. അവന് വിശക്കുന്നുണ്ടെന്നോ വേദനയുണ്ടോ എന്നു പോലും പറയില്ലായിരുന്നു. പക്ഷേ, നിറങ്ങൾ അവന് സന്തോഷം നൽകുന്നുണ്ടായിരുന്നു,” ജയശ്രീ മകന്റെ ബാല്യകാലത്തെ ഒരു നിമിഷത്തേക്ക് ഓർത്തടുക്കുന്നു.

നിറങ്ങളോടുളള അവന്രെ പ്രതികരണങ്ങൾ നല്ലൊരു ലക്ഷണമായിരുന്നു. മകന്രെ ജീവിതം ഒരു പ്രതീക്ഷയായി ജയശ്രീയിൽ വീണ്ടും തുടിച്ചു.

കുട്ടിയും അമ്മയും സിദ്ധാർത്ഥിൻെറ രചന

രാപ്പകലുകളെ തിരിച്ചറിയാനോ വാക്കുകളാൽ പ്രകടിപ്പിക്കാനോ കഴിയാത്ത സിദ്ധാർത്ഥിന് അവയ്ക്ക്ല് നിറങ്ങൾ നൽകി ജയശ്രി വരച്ചു കാണിച്ചു . വരകളിലൂടെയും, നിറങ്ങളിലൂടെയും മകന് ജീവിതവുമായും ഞാനുമായും അർത്ഥവത്തായ ബന്ധം നിലനിർത്താൻ കഴിയുമെന്ന് ജയശ്രി സന്തോഷത്തോടെ തിരിച്ചറിഞ്ഞു. അത് ഒരു അപാര സാധ്യതയാണ് ഈ അമ്മയെയും മകനെയും സംബന്ധിച്ചിടത്തോളം. കഴിഞ്ഞ കാലമായാലും ഇനി വരാനിരിക്കുന്ന ജീവിതത്തിലായാലും.

അവന്റെ ഏകാന്തതയുടെ ഓർമയായി കുട ചൂടി, മഴയത്തു കടലാസ്സ് വഞ്ചിയിറക്കുന്നതിന്റെ ചിത്രമുണ്ട്, സന്തോഷത്തിന്റെ ആഘോഷമായി സിദ്ധാർത്ഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഓണക്കാലത്തെ തൃക്കാക്കരയപ്പന്റെ ചിത്രമുണ്ട് പ്രദർശനത്തിൽ …മറ്റു നിരവധി ചിത്രങ്ങളുണ്ട് കൂട്ടത്തിൽ …വാക്കുകളായി വരാത്ത സ്നേഹത്തിന്റെയും, ആഗ്രഹത്തിന്റെയും ചിത്രങ്ങൾ.

താൻ കണ്ടതും അറിഞ്ഞതുമായ കാഴ്ചകളും അനുഭവങ്ങളും സിദ്ധാർത്ഥിൻെറ വരയിൽ തെളിയുന്നു. സ്നേഹത്തിൻെറയും ഓർമ്മകളുടെയും നിറങ്ങളാണ് സിദ്ധാർത്ഥ് എഴുതുന്നത്. ഈ നിറങ്ങളിൽ സിദ്ധാർത്ഥ് തൻെറ ജീവിതത്തെ കുറിച്ച് കൂടി കാഴ്ച്ചക്കാരോട് സംസാരിക്കുകയാണ്. കുട്ടിയും കളിപ്പാട്ടങ്ങളും ആട്ടിൻകൂട്ടവും അമ്മയും കുട്ടിയും തുടങ്ങിയ ചിത്രങ്ങളിലെല്ലാം അത് വായിക്കാൻ കാഴ്ചക്കാർക്ക് സാധ്യമാകുന്നു.

പ്രദർശനം അസാധാരണമാകുന്നത് പക്ഷെ സിദ്ധാർഥ് ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതിലാണ്. അതിനുപയോഗിക്കുന്ന സങ്കേതത്തിലൂടെയാണ്…പെൻസിലും,വാട്ടർ കളറും അക്രലിക്കും ഉപയോഗിച്ചു ഓർമകളും,ചിന്തകളും ജീവിതവും ഇടകലർന്ന നിറക്കൂട്ടൊരുക്കുന്നതിലൂടെയാണ്.
സിദ്ധാർത്ഥിന്റെ ചിത്രങ്ങൾക്കൊപ്പം മകനും വളരുന്നത് ജയശ്രീ ഒട്ടൊരു അത്ഭുതത്തോടെ നോക്കി കാണുന്നു.

കുട്ടിയും കളിപ്പാട്ടങ്ങളും ; സിദ്ധാർത്ഥിൻെറ രചന

കേരളത്തിൽ പല സ്കൂളുകളിലും പ്രവേശനത്തിന് ശ്രമിച്ചുവെങ്കിലും അമ്പതോളം സ്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇപ്പോൾ സിദ്ധാർഥ് തൃപ്പൂണിത്തുറയിലെ ചോയ്സ് സ്‌കൂളിൽ നിന്നും പത്താം ക്ലാസ്സിൽ മികച്ച വിജയം നേടിയ സിദ്ധാർത്ഥ് ഇപ്പോൾ അവിടെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പാചകത്തിൽ അല്പം താൽപര്യം. പണ്ടത്തേക്കാൾ കൂടുതൽ സംസാരം…ജയശ്രിയും നന്ദി പറയുന്നു … നിറങ്ങളോട്, വരകളോട്, ചിത്രങ്ങളോട്… സിദ്ധാർത്ഥിനൊപ്പം .

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mind full of colours siddharth muraly nair aspergers syndrome

Best of Express