മകളെ വിവാഹം ചെയ്യുന്നയാൾക്ക് കോടികൾ വാഗ്‌ദാനം ചെയ്തിരിക്കുകയാണ് ഒരച്ഛൻ. തായ്‌ലൻഡിലെ ചുപ്ഹോൺ പ്രവിശ്യയിലെ കോടിപതിയായ അർണോൺ റോഡ്തോങ് ആണ് തന്റെ മകളുടെ വിവാഹത്തിനായി പുതിയ ആശയം അവതരിപ്പിച്ചതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അർണോണിന്റെ 26 കാരിയായ മകളെ വിവാഹം ചെയ്യുന്നയാൾക്ക് 314,166 യുഎസ് ഡോളർ (ഏകദേശ 2 കോടിയിലധികം) കിട്ടും. ഇതിനു പുറമേ കോടിക്കണക്കിന് രൂപ വിലയുളള അർണോണിന്റെ ഫാമും ലഭിക്കും.
മകളുടെ വിവാഹം വൈകുന്നതിലെ വിഷമം മൂലമാണ് അർണോൺ ഇത്തരമൊരു വാഗ്‌ദാനം നടത്തിയത്. മകളെ വിവാഹം ചെയ്യുന്നയാൾ ഏതു ദേശക്കാരനാണെങ്കിലും കുഴപ്പമില്ലെന്ന് ഇദ്ദേഹം പറയുന്നു. കഠിനാധ്വാനിയും മകളെ സന്തോഷിപ്പിക്കുന്നവനും ആയിരിക്കണമെന്ന നിബന്ധന മാത്രമേയുളളൂ.
അർണോണിന്റെ വാഗ്‌ദാനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് വിവാഹത്തിന് താൽപര്യം അറിയിച്ച് രംഗത്തെത്തിയത്. അതേസമയം, പിതാവിന്റെ ഇത്തരമൊരു വാഗ്‌ദാനം തന്നെ അതിശയപ്പെടുത്തിയെന്ന് മകൾ പറഞ്ഞു. തന്നെ വിവാഹം ചെയ്യുന്നയാൾ അധ്വാനശീലനും കുടുംബത്തെ സ്നേഹിക്കുന്നവനും ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മകൾ പറഞ്ഞു.