/indian-express-malayalam/media/media_files/uploads/2022/09/milan-fashion-week-AVAVAV-models-fall-down.jpg)
'ഔട്ട് ഓഫ് ദി ബോക്സ്' വേഷവിതാനങ്ങൾ, ആഭരണങ്ങൾ, അടിമുടി പെർഫെക്റ്റായ മോഡലുകൾ, അവരുടെ കുറ്റമറ്റ റാമ്പ് വാക്! പ്രേക്ഷകശ്രദ്ധ നേടുന്നതിൽ ഫാഷൻ ഷോകൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. എന്നാൽ, ഈ പതിവ് കാരണങ്ങൾക്കിപ്പുറം കൗതുകമുണർത്തിയ കുറച്ചു വീഴ്ചകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ് മിലൻ ഫാഷൻ വീക്കിലെ ഒരു ഷോ.
ഫ്ളോറൻസ് ആസ്ഥാനമാക്കിയ ഫാഷൻ ബ്രാൻഡായ ആവവാവിന് (AVAVAV) വേണ്ടി ക്രിയേറ്റീവ് ഡയറക്ടറും ഡിസൈനറുമായ ബീത് കാർസനാണ് ഇങ്ങനെ ഒരു ഷോ ഒരുക്കിയത്. 'ഫിൽത്തി റിച്ച്' എന്ന തന്റെ കളക്ഷൻ പ്രദർശിപ്പിക്കവെയാണ് കാർസൺ ഈ കൗശലം കാട്ടിയത്. മോഡലുകൾ ഒന്നിന് പിറകെ ഒന്നായി റാമ്പിൽ വീണ് 'ഫോൾ' ഫാഷൻ അക്ഷരാർത്ഥത്തിൽ വീഴ്ചയുടെ ആഘോഷമായി.
ആരംഭത്തിൽ നിർഭാഗ്യകരമെന്ന് തോന്നിപ്പിച്ചെങ്കിലും വീഴ്ചകൾ തുടരെതുടരെയായപ്പോൾ കാഴ്ചക്കാർക്കും ഇതൊരു പ്രസ്താവന തന്നെയാണെന്ന് മനസ്സിലായി തുടങ്ങി. "എല്ലാവരെയും പോലെ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഞാനും സമ്പത്തും പണവുമൊക്കെ മോഹിച്ചു. എല്ലാ കൂടിക്കാഴ്ച്ചകളും ജോലിസംബന്ധമായി ചുരുങ്ങി. അവയ്ക്കുവേണ്ടി ഞാൻ ധനികയായി വേഷമിട്ടു, ധനികയായി അഭിനയിച്ചു. ആ അനുകരിക്കലും കാപട്യവും ഞാൻ ആസ്വദിച്ചു.പ്രത്യേകിച്ചും പ്രയാസങ്ങൾ നിറഞ്ഞ കഴിഞ്ഞകുറച്ചു നാളുകളിൽ. ഇങ്ങനെ ധനികരായി അഭിനയിക്കുന്ന ലോകത്തെ, കൃത്രിമത്വവും ധാരാളിത്തവും നിറഞ്ഞ ഫാഷൻ ഷോകളെ പാരഡിയിലൂടെ നേരിടലായിരുന്നു ഉദ്ദേശം," ബീത് കാർസൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ചരിത്രം!, അത്യുജ്ജ്വലം എന്നൊക്കെയാണ് കാർസന്റെ ഈ ഭാവനാസൃഷ്ടിയെ ഇൻസ്റ്റാഗ്രാമിൽ ഫാഷൻ പ്രേമികൾ പ്രശംസിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.