മെൻസ്ട്രൽ കപ്പിനെപ്പറ്റി പല തവണ കേട്ടിട്ടുണ്ടെങ്കിലും, വാങ്ങിച്ചു വച്ചെങ്കിലും എന്തോ ഒരു മാനസിക തടസ്സം മൂലം ഒരുപാട്‌ നാൾ ഉപയോഗിക്കാതിരുന്ന ആളാണ് ഞാൻ.

പിന്നീട്‌ ഇത്‌ ഉപയോഗിച്ച്‌ തുടങ്ങിയ എന്റെ പല സുഹൃത്തുക്കളുടെയും അഭിപ്രായം കണക്കിലെടുത്ത്‌ കപ്പ്‌ ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. ഒരുപക്ഷേ എന്നിലെ പെണ്ണിന് ഞാൻ കൊടുത്ത ഏറ്റവും നല്ല സമ്മാനമായിരിക്കും മെൻസ്ട്രൽ കപ്പ്.

ഞാൻ ഒരു സഞ്ചാരിയാണ്. മണിക്കൂറുകളും, ചിലപ്പോൾ ദിവസങ്ങളും നീളുന്ന യാത്രയിൽ ആർത്തവമായാൽ പിന്നെ ശാരീരികമായ ബുദ്ധിമുട്ടിനെക്കാൾ പത്തിരട്ടി മാനസിക ബുദ്ധിമുട്ടാണ്. ശുചിത്വമുള്ള പൊതു ശൗചാലയങ്ങൾ തന്നെ കുറവുള്ള നമ്മുടെ നാട്ടിൽ , മൂന്നു നാലു മണിക്കൂറു കൂടുമ്പോൾ പാഡ്‌ മാറ്റണമെന്നത്‌ ചിന്തിക്കാൻ പോലുമാവില്ല. എത്ര ശൗചാലയങ്ങളിലുണ്ട്‌, മാറ്റിയ പാഡ്‌ കളയാനുള്ള സംവിധാനം?

Read More: ആർത്തവത്തെക്കുറിച്ച് ആണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

ആർത്തവ ദിവസങ്ങളിൽ എത്രയൊക്കെ ആയാലും മനസ്സിനെ എപ്പോഴും അലട്ടുന്ന പ്രശ്നങ്ങളുണ്ട്‌. ലീക്കേജ്‌, വൃത്തി, ദുർഗ്ഗന്ധം, പാഡ്‌ കൊണ്ടുണ്ടാവുന്ന മുറിവുകൾ. അങ്ങനെ ആർത്തവത്തെ വെറുത്ത്‌ പോകുന്ന എത്രയോ നിമിഷങ്ങളുണ്ടായിട്ടുണ്ടാവും ഓരോ പെണ്ണിന്റെയും ജീവിതത്തിൽ.

മെൻസ്ട്രൽ കപ്പ്

ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് ഞാൻ മെൻസ്ട്രൽ കപ്പിനെ കാണുന്നത്‌. ഒരു കപ്പ്‌ വാങ്ങിയാൽ ആറു വർഷം വരെ ഉപയോഗിക്കാനാവുന്നതാണ്. നമുക്ക്‌ ചേരുന്ന കപ്പ്‌ കിട്ടണമെങ്കിൽ ഒന്ന് രണ്ട്‌ ബ്രാന്റുകൾ മാറി ഉപയോഗിച്ച്‌ നോക്കേണ്ടി വന്നേക്കും.
ചേരുന്നത്‌ കിട്ടിയാൽ പിന്നെ ലീക്കേജ്‌, ദുർഗ്ഗന്ധം എന്നിവ ഉണ്ടാവില്ല. സാനിറ്ററി പാഡിനെക്കാൾ എന്തുകൊണ്ടും ശാരീരിക വൃത്തി കപ്പ്‌ ഉപയോഗിക്കുമ്പോഴാണ്.

എത്രയൊക്കെ ആയാലും കാലിനിടയിൽ നനഞ്ഞുകൊണ്ടിരിക്കുന്ന ഒരു തുണ്ട്‌ തുണിയും വച്ചുകൊണ്ട്‌ മാസത്തിൽ അഞ്ചു ദിവസം ജീവിക്കുക എന്നത്‌ ‌ ദുഷ്കരം തന്നെയാണ് എന്നതിൽ സംശയമില്ലല്ലോ. കപ്പ്‌ വച്ചാൽ പിന്നെ ശരീരത്ത്‌ മറ്റൊരു വസ്തു ഇരിക്കുന്ന തോന്നൽ പോലുമുണ്ടാവാത്തവണ്ണം ഞാൻ കംഫർട്ടബിൾ ആണ്.

Read More: ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

ഓരോ തവണ മൂത്രമൊഴിക്കുമ്പോഴും പാഡ്‌ മാറ്റണം എന്ന കാരണം കൊണ്ട്‌ തന്നെ വെള്ളം കുടിക്കാതിരിക്കുന്ന എത്രയോ ദിവസങ്ങൾ എനിക്കും എന്നെ പോലെ ഒരുപാട്‌ സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ട്‌. കപ്പിന്റെ ഏറ്റവും വലിയ ഗുണം മൂത്രമൊഴിക്കുമ്പോൾ കപ്പ്‌ നീക്കം ചെയ്യെണ്ട എന്നത്‌ തന്നെയാണ്.

സ്ത്രീകൾ കുടുംബിനികളായി വീട്ടിലിരിക്കുന്ന കാലം മാറി ഇപ്പോൾ എല്ലാ ഇടങ്ങളിലും നിറസാന്നിധ്യം അറിയിക്കുന്ന ഈ കാലഘട്ടത്തിൽ മാറിച്ചിന്തിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്. ആർത്തവദിവസങ്ങളിൽ വീട്ടിലിരിക്കുക എന്നത്‌ എപ്പോഴും പ്രായോഗികമാവണമെന്നില്ല. പല അവസരങ്ങളിലും ഉപയോഗിച്ച സാനിറ്ററി പാടുകൾ ശുചിയായി ഉന്മൂലനം ചെയ്യുന്നത്‌ വളരെ ദുഷ്കരമാണ്. ഒരു കുപ്പി വെള്ളമുണ്ടെങ്കിൽ മെൻസ്ട്രൽ കപ്പ്‌ ശുചിയാക്കി തിരികെ വയ്ക്കാൻ എത്രയോ എളുപ്പമാണ്. ഉപയോഗിക്കാൻ തുടങ്ങി ആദ്യത്തെ കുറച്ച്‌ തവണ അൽപം ബുദ്ധിമുട്ടുണ്ടെങ്കിലും പിന്നെ പിന്നെ ഇത്‌ വളരെ അനായാസമായി തന്നെ ചെയ്യാൻ സാധിക്കും.

Read More: ഇനിയും ‘ഫ്രീ’ ആയിട്ടില്ലാത്ത അതേ ദിവസങ്ങൾ

എന്റെ പെൺസുഹൃത്തുക്കൾക്ക്‌ കല്യാണത്തിനും മറ്റവസരങ്ങളിലും സമ്മാനമായി എന്ത്‌ കൊടുക്കുമെന്ന് ഇപ്പോൾ ഞാൻ തല പുകയ്ക്കാറില്ല. സമ്മാനമായി കപ്പ്‌ കൊടുത്തപ്പോൾ എന്നെ കളിയാക്കിയ പല സുഹൃത്തുക്കളും പിന്നീട്‌ എന്നെ വിളിച്ച്‌ നന്ദി അറിയിച്ച സന്ദർഭങ്ങളും ധാരാളം. എനിക്ക്‌ അറിയാവുന്ന ഭൂരിപക്ഷം ആളുകളും കപ്പിനെ വാനോളം പുകഴ്ത്തുന്നുണ്ട്‌. ഇതിനെക്കുറിച്ചുള്ള അബദ്ധധാരണകളൊക്കെ മാറ്റി , ഒന്ന് ശ്രമിച്ച്‌ നോക്കിയാൽ ഒരുപക്ഷേ ഇതൊരു അനുഗ്രഹമായി നിങ്ങൾക്കും തോന്നിയേക്കാം.

സാനിറി പാഡിന്റെ ദോഷ വശങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കുമെങ്കിലും എന്റെ ചില സുഹൃത്തുക്കൾക്ക്‌ കപ്പ്‌ ഉപകാരപ്രദമായില്ല എന്നതും വാസ്തവമാണ്. എന്നെ സംബന്ധിച്ചിടത്തോളം മെൻസ്ട്രൽ കപ്പ് ഒരു അസാധ്യ പുരോഗതിയാണ്. എല്ലാ സ്ത്രീകളും ഉപയോഗിച്ചു നോക്കേണ്ട സംഭവം തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ