/indian-express-malayalam/media/media_files/uploads/2023/10/care-of-your-skin-during-menopause.jpg)
ആർത്തവവിരാമ സമയത്തെ ചർമ്മം ആരോഗ്യമുള്ളതാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈഡ്രേഷൻ
ആർത്തവവിരാമം 40-50 വയസ്സിനുള്ളിൽ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന ഒന്നാണ്. ആർത്തവം പൂർണ്ണമായും നിൽക്കുന്ന സമയത്തെയാണ് ആർത്തവവിരാമമായി കണക്കാക്കുന്നത്. ഈ സമയത്ത് ഒരുപാട് മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അവയിൽ പൊതുവേ കണ്ടുവരുന്ന ഒന്ന് ചർമ്മത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നതാണ്. ആർത്തവവിരാമ സമയത്ത് ഈസ്ട്രൊജൻ, പ്രൊജസ്ട്രോൺ എണീ ഹോർമോണുകളുടെ അളവ് പെട്ടെന്ന് കുറയുന്നതാണ് ചർമ്മവരൾച്ചക്ക് കാരണമാകുന്നത്.
"ആർത്തവവിരാമം ഹോർമോണുകളായ ഈസ്ട്രൊജൻ , പ്രൊജസ്ട്രോൺ എന്നിവയുടെ ഉല്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ചർമ്മം വരളാനും വലിഞ്ഞു തൂങ്ങാനും മുഖത്തെ തിണർപ്പ് വർദ്ധിച്ച് മുഖക്കുരു, റൊസേഷ്യ, മെലസ്മ തുടങ്ങിയവ രൂക്ഷമാകാനും ഇത് കാരണമാകുന്നു," എന്നാണ് ചർമ്മരോഗ വിദഗ്ദയായ ഡോ രശ്മി ഷെട്ടി പറയുന്നത്.
അതേ സമയം അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നത് പ്രകാരം, ഹോർമോൺ ലെവലുകളിൽ ഉണ്ടാകുന്ന മാറ്റം മുഖക്കുരു ഉണ്ടാകാൻ ഒരു കാരണമാകുന്നു. മറ്റൊന്ന് കൊളാജന്റെ ഉത്പാദന കുറവാണ്, ഇത് ചർമ്മത്തിന്റെ ഘടനയെപ്പോലും ബാധിക്കുന്നതാണ്. കൊളാജനിൽ പെട്ടെന്നുണ്ടാകുന്ന കുറവ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. അതായത് കൊളാജൻ കുറയുമ്പോൾ കവിളുകൾ ഇടിഞ്ഞു തൂങ്ങാനും ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും വീഴാനും തുടങ്ങുന്നു.
ആർത്തവവിരാമം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പക്ഷേ, ചർമ്മസംരക്ഷക വസ്തുക്കളുടെ സഹായത്തോടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ജീവിതശൈലി മെച്ചപ്പെടുത്തിയുമെല്ലാം നമുക്ക് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സാധിക്കും.
ഹൈഡ്രേഷൻ
ആർത്തവവിരാമ സമയത്തെ ചർമ്മം ആരോഗ്യമുള്ളതാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈഡ്രേഷൻ. ഈ സമയങ്ങളിൽ ചർമ്മം സാധാരണയുള്ളതിനേക്കാൾ വരണ്ടും ഉണങ്ങിയുമാണ് കാണപ്പെടുക. അതുകൊണ്ട് മോയ്സ്ച്ചുറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈലൂറോണിക് അംശം ഉള്ള മോയ്സ്ച്ചുറൈസർ ആണെങ്കിൽ അത് ചർമ്മത്തിലേക്ക് ജലാംശം കൊണ്ടുവരാൻ സഹായിക്കുന്നു. സെറാമൈഡ് മോയ്സ്ച്ചുറൈസർ ജലാംശം ചർമ്മത്തിൽ നിന്നും നഷ്ടപ്പെടുന്നത് തടയുകയും കൃത്യമായ അളവിൽ നിലനിർത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതും വെള്ളരി , തണ്ണിമത്തൻ, തക്കാളി, ആപ്പിൾ മുതലായവ കഴിക്കുന്നതും ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ക്ലെൻസിങ്ങ്
ഒരു നല്ല ചർമ്മസംരക്ഷണ ദിനചര്യയുടെ ആദ്യപടിയാണ് ക്ലെൻസിങ്ങ്. ആർത്തവവിരാമ സമയങ്ങളിലെ ഹോർമോൺ വ്യതിയാനം വരണ്ട ചർമ്മത്തിന് കാരണമാകുന്നത് കൊണ്ട് തന്നെ, മുഖം സോപ്പിന്റെ അംശം ഇല്ലാത്ത ക്ലെൻസർ ഉപയോഗിച്ച് കഴുകുന്നത് പ്രധാനമാണ്. ഇത് മുഖത്തെ പാടുകളെയും സുഷിരങ്ങളെയും അകറ്റാൻ സഹായിക്കുന്നു.
റെറ്റിനോൾ
വിറ്റാമിൻ എ യുടെ ഏറ്റവും ശുദ്ധമായ രൂപമാണ് റെറ്റിനോൾ. ഇത് പ്രായമായ കോശങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താനും പുതിയ കോശങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടായി വരാനും സഹായിക്കുന്നു. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ സ്വാഭാവികത നിലനിർത്താനും മുഖക്കുരു കുറയ്ക്കാനും കൊളാജൻ സിന്തസിസ് വർദ്ധിപ്പിക്കാനുമൊക്കെ റെറ്റിനോൾ സഹായകരമാണ്. ഫ്രീ റാഡിക്കലുകൾക്ക് ക്ഷതമുണ്ടാകാതെയും ഓക്സിഡേറ്റീവ് സമ്മർദ്ദം വരുത്താതെയും ഇതൊരു വീര്യം കൂടിയ ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. നിങ്ങൾ ആദ്യമായി റെറ്റിനോൾ ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ , രാത്രിയിൽ രണ്ടോ മൂന്നോ തവണ എന്ന രീതിയിൽ ആഴ്ചയിൽ ഇത് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.
സൺസ്ക്രീൻ
സ്കിൻ ക്യാൻസറിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റാത്തതിനാൽ ആർത്തവ വിരാമം സംഭവിച്ചവരുടെ ചർമ്മസംരക്ഷണത്തിൽ സൺ സ്ക്രീനിന് പ്രാധാന്യമേറെയാണ്. വെയിൽ ചർമ്മത്തിനെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ട്. വെയിലുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും രാവിലെ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. SPF 30 അല്ലെങ്കിൽ അതിലധികമോ അടങ്ങിയ സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ.
" ഒരാളുടെ ആർത്തവവിരാമത്തെ എളുപ്പമാക്കാൻ സഹായിക്കുന്ന സപ്പ്ളിമെന്റുകളായ വിറ്റാമിൻ ഡി3, കാൽസ്യം, പ്രിംറോസ് ഓയിൽ, മൾട്ടി വിറ്റാമിനുകൾ തുടങ്ങിയവ കഴിക്കാനും കൂടെ ആർത്തവവിരാമത്തെ നേരിടുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ടതുണ്ട്, " ഡോ രശ്മി ഓർമ്മിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us