ചിലര്‍ക്ക് പ്രായം എന്നത് ഒരു സംഖ്യ മാത്രമാണ്. നൂറാം വയസിലും കുട്ടികളെ യോഗ അഭ്യസിപ്പിക്കുന്ന ടാവോ പോര്‍ച്ചോണ്‍ ലിഞ്ചിനെ പോലെ. യോഗ മാത്രമല്ല, നല്ല പയറുമണി പോലെ നടന്ന് നൃത്തം ചെയ്യാനും പോര്‍ച്ചോണിന് സാധിക്കും ഈ നൂറാം വയസില്‍. വെറുതെയാണോ പോര്‍ച്ചോണ്‍ പത്മശ്രീയൊക്കെ വാങ്ങിയത്.

പോണ്ടിച്ചേരിയില്‍ ജനിച്ച പോര്‍ച്ചോണിന് ഇന്ത്യയിലും ഫ്രാന്‍സിലും വേരുകളുണ്ട്. യോഗയിലേക്കുള്ള പോര്‍ച്ചോണിന്റെ ജീവിത യാത്ര ആരംഭിക്കുന്നത് ഇന്ത്യയില്‍ വച്ചാണ്. അതും ഏഴാം വയസില്‍. കടല്‍ തീരത്ത് ഒരുകൂട്ടം ആണ്‍കുട്ടികള്‍ യോഗ ചെയ്യുന്നത് കണ്ടാണ് യോഗയെ കുറിച്ച് പോര്‍ച്ചോണ്‍ അറിയുന്നത്. അത് പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ലെന്ന് ബന്ധു പറഞ്ഞപ്പോള്‍, ആണ്‍കുട്ടികള്‍ക്ക് പറ്റുമെങ്കില്‍ എനിക്കും പറ്റുമെന്ന് പറഞ്ഞ പോര്‍ച്ചോണ്‍ അങ്ങനെ പഠനം ആരംഭിച്ചു. കൗമാരകാലമായപ്പോഴേക്കും അവര്‍ യോഗ ടീച്ചറായി.

‘യോഗ എന്നത് നമ്മുടെ ശരീരം ചില പ്രത്യേഗ രീതിയില്‍ തിരിക്കുന്നതും വളയ്ക്കുന്നതും മാത്രമല്ല, അതിന് ജീവിതത്തിന്റെ സന്തോഷമായി മാറാന്‍ സാധിക്കും. ഉള്ളില്‍ നമ്മള്‍ എന്താണോ അതിന്റെയൊരു ആവിഷ്‌കാരം കൂടിയാണ് യോഗ’ പോര്‍ച്ചോണ്‍ പറയുന്നു.

പ്രായം കൂടും തോറും പോര്‍ച്ചോണിന് യോഗയോടും നൃത്തത്തോടുമുള്ള അഭിനിവേശം കൂടിയതേയുള്ളൂ.

‘നൂറ് വയസായി എന്നതു കൊണ്ട് എനിക്കെന്തെങ്കിലും വ്യത്യാസമൊന്നും തോന്നുന്നില്ല. എനിക്കൊരു ഭയവുമില്ല. യോഗ ചെയ്യുന്നതും അത് അഭ്യസിപ്പിക്കുന്നതും തുടരാന്‍ തന്നെയാണ് തീരുമാനം’- നൂറാം വയസിലും ആത്മവിശ്വാസത്തോടെ പോര്‍ച്ചോണ്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook