ജനനം കൊണ്ടല്ല വിവാഹത്തിലൂടെ രാജകുമാരിയായ ഒരാൾ, ആറു കൊട്ടാരങ്ങളുടെയും കോടികളുടെയും ആസ്തിയുള്ള പ്രിൻസസ്. പറഞ്ഞുവരുന്നത് ഹൈദരാബാദിലെ അസഫ് ജാ രാജവംശത്തിൽപ്പെട്ട എസ്ര ബിർഗൻ രാജകുമാരിയെ കുറിച്ചാണ്.
ഹൈദരാബാദിലെ എട്ടാമത്തെ നിസാമും പരേതനുമായ മുക്കറം ജായുടെ ഭാര്യയാണ് എസ്ര ബിർഗൻ. 1959ലാണ് എസ്ര മുക്കറം ജായെ വിവാഹം ചെയ്യുന്നത്. 15 വർഷത്തോളം ആ ദാമ്പത്യം നീണ്ടുനിന്നു. ഈ ദമ്പതികൾക്ക് അസ്മത്ത് എന്ന മകനും ഷെഖ്യ എന്ന മകളുമുണ്ട്. നിലവിൽ, ലണ്ടനിലാണ് എസ്ര ബിർഗൻ താമസിക്കുന്നത്. മുഖരം ജാ അഞ്ച് തവണ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയായിരുന്നു ടർക്കിഷുകാരിയായ എസ്ര.

ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഫലക്‌നുമ, ചൗമഹല്ല കൊട്ടാരങ്ങൾ ഉൾപ്പെടെ ആറ് ആഡംബര കൊട്ടാരങ്ങൾ മുക്കറം ജായ്ക്ക് സ്വന്തമായിരുന്നു. ഇപ്പോഴിവ എസ്രയുടെ അധികാരപരിധിയിലാണ് ഉള്ളത്. ചൗമഹല്ലയും ഫലക്നുമയും പുനസ്ഥാപിച്ചതിന്റെ ബഹുമതിയും എസ്ര രാജകുമാരിയ്ക്ക് അവകാശപ്പെടാം.


ആദ്യത്തേത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ രണ്ടാമത്തേത് താജ് ഗ്രൂപ്പിന് ഒരു ആഡംബര ഹോട്ടൽ നടത്താനായി പാട്ടത്തിന് നൽകി. ചൗമഹല്ല കൊട്ടാരം പുനഃസ്ഥാപിക്കാൻ അവർ അറിയപ്പെടുന്ന ആർക്കിടെക്റ്റ് രാഹുൽ മെഹ്‌റോത്രയുടെ സഹായം തേടിയിരുന്നു. നിലവിലുള്ള ഘടന സുസ്ഥിരമാക്കുക, കേടുപാടുകൾ സംഭവിച്ചതും തകർന്നതുമായ ഭാഗങ്ങൾ പുനർനിർമ്മിക്കുക, ബാഹ്യവും ആന്തരികവുമായ ഇടങ്ങൾ പുനഃസ്ഥാപിക്കുക, പുതിയ ബ്ലോക്കുകൾ കൂട്ടിച്ചേർക്കൽ എന്നിവയൊക്കെ പുനരുദ്ധാരണ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു.