ആയോധന കലയുടെ ഇതിഹാസവും സൗന്ദര്യവുമാണ് ബ്രൂസ് ലീ. മെയ് വഴക്കം കൊണ്ട് ലോകം കീഴടക്കിയ താരം. ചൈനീസ് സോഡിയാക് വിശ്വാസ പ്രകാരം ഡ്രാഗണിന്റെ വര്‍ഷത്തിലും മണിക്കൂറിലുമാണ് ബ്രൂസ് ലീ ജനിച്ചത്. വളരെയധികം കഷ്ടപ്പെട്ടാണ് ഇദ്ദേഹം കുങ് ഫൂ എന്ന ആയോധനകലയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഏകദേശം മുപ്പതോളം സിനിമകളില്‍ ബ്രൂസ് ലീ ബാല നടനായി അഭിനയിച്ചിട്ടുണ്ട്. 1973-നാണ് ആരാധകരെ മുഴുവന്‍ കണ്ണീരിലാക്കി ഇദ്ദേഹം ലോകത്തെ വിട്ടു പിരിഞ്ഞത്.

എന്നാല്‍ അഫ്ഗാന്‍ സ്വദേശിയായ അബ്ബാസ് അലിസാദയെ കണ്ടാല്‍ ബ്രൂസ് ലീ ഇന്നും ജീവിച്ചിരിക്കുന്നു എന്നേ തോന്നൂ. അത്രയ്ക്കുണ്ട് അബ്ബാസിന് ഇതിഹാസ താരവുമായുളള സാമ്യം. കാബൂളിലെ ഹസാരാ പ്രദേശത്ത് നിന്നുളള ഇദ്ദേഹത്തെ അഫ്ഗാന്‍ ബ്രൂസ് ലീ എന്നാണ് വിളിക്കപ്പെടുന്നത്. യുദ്ധമുഖരിതമായ അഫ്ഗാനില്‍ അതിജീവനത്തിനായാണ് താന്‍ ശാരീരികാഭ്യാസങ്ങള്‍ പരിശീലിച്ചതെന്ന് അബ്ബാസ് പറയുന്നു. 8-ാം വയസ് മുതലാണ് ബ്രൂസ് ലീ ചിത്രങ്ങളോടുളള ആരാധന മൂത്ത് ആയോധനകലകള്‍ പഠിക്കാന്‍ തുടങ്ങിയത്. സ്വന്തം വീട്ടിന് തൊട്ടടുത്ത് പോലും സുരക്ഷിതമല്ലാത്ത താലിബാന്‍ ഭരണകാലത്ത് സ്വയരക്ഷയ്ക്കും കുടുംബത്തിന്റെ രക്ഷയ്ക്കും സ്വയം തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു അബ്ബാസ്.

അബ്ബാസിന്റെ മെയ്‍വഴക്കവും പ്രകടനവും കണ്ടാല്‍ സാക്ഷാല്‍ ബ്രൂസ് ലീ മുന്നിലെത്തയത് പോലെ തന്നെ തോന്നിപ്പോകും. ജാക്കിച്ചാനുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് അബ്ബാസിന്റെ മോഹം. ഇത് ഇസ്ലാമില്‍ വിലക്കിയതാണെന്ന് പറഞ്ഞ് എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുന്നോട്ട് പോവുകയാണ് ഇദ്ദേഹം.

ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ ബ്രൂസ് ലീ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചാണ് അദ്ദേഹം കാലയവനികയ്ക്കുളളിലേക്ക് മറഞ്ഞത്. ഇന്നും ആയോധനകലയുടെ അവസാന വാക്ക് ഇദ്ദേഹമാണ്. ബ്രൂസ് ലീയുടെ മരണത്തിലെ ദുരൂഹതകള്‍ ഇന്നും അവസാനിച്ചിട്ടില്ല. ലീയുടെ മരണത്തെക്കുറിച്ച് പല വിധത്തിലുള്ള വിവാദങ്ങള്‍ നിലനിന്നു. ഇന്നും പലര്‍ക്കും സംശയമുണര്‍ത്തുന്ന ഒന്നാണ് ലീയുടെ മരണം.

ചെറിയ ചെറിയ സിനിമകളില്‍ ബാലനടനായി ശ്രദ്ധേയനായ വ്യക്തിയാണ് ബ്രൂസ് ലീ. 18 വയസ്സായപ്പോഴേക്കും തന്നെ ഇരുപതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷം ഇദ്ദേഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ട് ആയോധന കലയിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍.

ഇരുപത്തി നാലാം വയസ്സിലാണ് അധ്യാപികയായ ലിന്റെ എമറിയുമായി വിവാഹം നടന്നത്. ഒരു വര്‍ഷത്തിനു ശേഷം ബ്രണ്ടന്‍ ലീ ജനിച്ചു. എങ്കിലും ആയോധന കലകളില്‍ തന്നെയായിരുന്നു അപ്പോഴെല്ലാം ബ്രൂസ് ലീയുടെ താല്‍പ്പര്യം. പിന്നീട് കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധിക്കുന്നതിനായി ലീ ഹോങ്കോങ്ങിലേക്ക് താമസം മാറി. ആക്ഷന്‍ ഹീറോ ആയി ബ്രൂസ് ലീ എത്തിയ സിനിമയായിരുന്നു ദ ബിഗ് ബോസ്. ഷൂട്ടിങ്ങിനിടെ ബ്രൂസ് ലീ തന്നെ തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി. ഇതിനു ശേഷമാണ് ബ്രൂസ് ലീ താരമായി ഉയര്‍ന്ന് വന്നത്. പിന്നീട് ഈ സിനിമ പുറത്തിറങ്ങിയതോടെയാണ് ലീ ചൈനക്കാരുടെ താരമായി ഉയര്‍ന്ന് വന്നത്.

ദ വേ ഓഫ് ദ ഡ്രാഗന്‍ ചരിത്രമായി മാറിയത് ദ ബിഗ് ബോസ് എന്ന ചിത്രത്തിനു ശേഷമാണ്. വാര്‍ണര്‍ ബ്രോസ് ഈ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് ലോകസിനിമയിലെ ആയോധന കലയിലെ ആ ഇതിഹാസം ഓര്‍മ്മ മാത്രമായി മാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ