തിരുവനന്തപുരം: ആരോഗ്യ വകുപ്പ് നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ യാത്രക്കാര്‍ക്ക് സൗജന്യ അടിയന്തിര വൈദ്യസഹായം നല്‍കുന്നത് ലക്ഷ്യമിട്ട് “വഴികാട്ടി” പുതിയ പദ്ധതി നടപ്പാക്കുന്നു. ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അപകടത്തില്‍ പെടുകയോ മറ്റു ദേഹാസ്വാസ്ഥ്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്നവർക്ക് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രികളില്‍ എത്തിക്കുക എന്നതാണ് ഈ​ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ തിരക്കേറിയ ബസ് സ്റ്റാന്റ്/ ബസ് ടെര്‍മിനല്‍/മൊബിലിറ്റി ഹബ്/ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ പുതിയ സംരംഭം പ്രവര്‍ത്തിക്കും. അതാത് നഗരസഭകള്‍ / ഡിപ്പാര്‍ട്ട്‌മെന്റ് വിട്ടുതന്നിരിക്കുന്ന സ്ഥലത്താണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.

തൊട്ടടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (UPHC) ഒരു എക്‌സ്റ്റെന്‍ഷന്‍ എന്ന നിലയിലാകും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. യുപിഎച്ച്സിയുടെ നേതൃത്വത്തിൽ ജോലി ചെയ്യുന്ന പബ്‌ളിക് ഹെല്‍ത്ത് നഴ്‌സുമാരുടെ പ്രത്യേക സേന എല്ലായ്‌പ്പോഴും കേന്ദ്രത്തില്‍ ഉണ്ടാകും. കേസുകളുടെ സ്വഭാവം അനുസരിച്ച് തൊട്ടടുത്ത യുപിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാക്കും.

യാത്രക്കാർക്ക് മാത്രമല്ല, മറ്റുളളവർക്കും ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും.

സൗജന്യ സേവനങ്ങള്‍

യാത്രാവേളയില്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം.

സമീപപ്രദേശത്ത് റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ.

ഹൃദയാഘാതം തുടങ്ങിയ അപകടം പിടിച്ച അവസ്ഥകളില്‍പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ.

സ്ഥിരം ആരോഗ്യ വിദ്യഭ്യാസ പരിപാടികള്‍

കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി യാത്രചെയ്യുന്നവര്‍ക്കും സമീപവാസികള്‍ക്കും മറ്റ് പൊതു ജനങ്ങള്‍ക്കും ഇനി പറയുന്ന പരിശോധനകള്‍ ഈ കേന്ദ്രത്തിൽ നിന്നും ലഭ്യമായിരിക്കും.

1. രക്ത പരിശോധന (പ്രമേഹം പോലുളള രോഗമുളളവര്‍ക്ക് ഇത് ഏറെ സഹായകരമായിരിക്കും)

2. രക്തസമ്മര്‍ദം (Blood Pressure)

3. ശരീര തൂക്കം, BMI നിര്‍ണയിക്കല്‍ പോലുളളവ.

ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് ഓരോ ജില്ലകള്‍ക്കും ഒമ്പത് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്. മറ്റ് ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

തിരുവനന്തപുരം ജില്ലയില്‍ തമ്പാനൂര്‍ ബസ് സ്റ്റാൻഡിലാണ് “വഴികാട്ടി” സജ്ജമാക്കിയിരിക്കുന്നത്. ദിനംപ്രതി പതിനായിരത്തിലേറെ ജനങ്ങള്‍ വന്നു പോകുന്ന തമ്പാനൂര്‍ ബസ് സ്റ്റാൻഡിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഫെബ്രുവരി 28 ന് വൈകുന്നേരം 6.30ന് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് മന്ത്രി കെ.കെ.ശൈലജ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ