‘എന്നെക്കൊണ്ടിനി വയ്യ ഗൗരീ… എനിക്ക് ജീവിതം മടുത്തു.. ഞാനിത് അവസാനിപ്പിക്കാന്‍ പോകുകയാണ്..’ മരിക്കാം എന്നു തീരുമാനിച്ച നിമിഷത്തില്‍ അവസാനമായി ഒരാളോട് സംസാരിക്കാന്‍ തോന്നിയപ്പോള്‍ മായ വിളിച്ചത് ഗൗരിയെയായിരുന്നു. ‘ എന്റെ സൗഹൃദത്തിന് എന്തെങ്കിലും വില കല്പിക്കുന്നുണ്ടെങ്കില്‍ എനിക്ക് കുറച്ചു സമയം തരൂ മായ.. എനിക്ക് പറയാനുള്ളതൊന്നു കേള്‍ക്കൂ…’ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് ആ അഞ്ചു മിനിട്ടാണെന്ന് മായ ഓര്‍ത്തെടുക്കുന്നു. ഈ സൗഹൃദത്തിന് മായയുടെ ജീവന്റെ വിലയാണ്.

വൈക്കം കാരി ഗൗരി സാവിത്രിയും എറണാകുളത്തെ മായ ആൻ ജോസെഫും തമ്മിലുള്ള സൗഹൃദം, ആത്മബന്ധം.. കേട്ടിരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തോന്നും തനിക്കുമുണ്ടായിരുന്നെങ്കില്‍ ഇങ്ങിനെയൊരു സുഹൃത്തെന്ന്.

Gowri, Maya, Sharmila

ഗൗരിയും മായയും ശര്‍മ്മിള നായര്‍ക്കൊപ്പം

‘എന്റെയൊരു സുഹൃത്ത് വഴിയാണ് ഞാന്‍ മായയെ പരിചയപ്പെടുന്നത്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വളരെ പുറകിലാണ് ഞാന്‍. അധികമങ്ങിനെ ആരെയും വിളിക്കാറില്ല. സംസാരിക്കാറില്ല. പക്ഷെ പരിചയപ്പെട്ടതിന് ശേഷം മായയുമായി ഫെയ്‌സ്ബുക്ക് സൗഹൃദം ആരംഭിച്ചു. അതൊരു ക്രിസ്തുമസ് കാലമായിരുന്നു. കുറച്ച് ആശംസാ കാര്‍ഡുകള്‍ കൈയ്യിലുണ്ടായിരുന്നു. എന്തോ.. ഒരെണ്ണം മായക്ക് കൊടുക്കാമെന്നു തോന്നി, കൊടുത്തു. കുറച്ചു ദിവസത്തിനു ശേഷം മായ എന്നെ ഫോണില്‍ വിളിച്ചു. ക്രിസ്തുമസിന് വീട്ടിലേക്ക് വരണം എന്നു പറഞ്ഞു. പക്ഷെ മറ്റു ചില തിരക്കുകള്‍ ഉണ്ടായതുകൊണ്ട് സാധിച്ചില്ല. പിന്നെ ഇടക്കൊക്കെ മായ വിളിക്കും. ഞാന്‍ എഴുതുന്നതൊക്കെ ഇഷ്ടമാണെന്നു പറയും.. എപ്പോഴാണെന്നറിയില്ല.. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.’

Read More : അനഘ – വസുധേന്ദ്ര എഴുതിയ കഥ

ശര്‍മ്മിള നായരുടെ റെഡ് ലോട്ടസിനു വേണ്ടി മായയും ഗൗരിയും പിന്നീട് ട്രാൻസ്ജെൻഡർ മോഡലുകളായി. ഏറെ സ്വീകരിക്കപ്പെട്ട ആ പരസ്യത്തിലേക്ക് തങ്ങളെത്തിയതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ:

‘നേരത്തേ ശര്‍മ്മിള മറ്റൊരാളെയുമായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വേറെ ചില പ്രശ്‌നങ്ങള്‍ കാരണം ആദ്യം സിലക്ട് ചെയ്ത ആളെ ഒഴിവാക്കേണ്ടി വന്നു. എനിക്കൊപ്പം ചേരുന്ന ഒരാളെ കണ്ടുപിടിക്കാന്‍ ശര്‍മ്മിള എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മനസില്‍ വന്നത് ഗൗരിയുടെ മുഖമായിരുന്നു. പക്ഷെ, ചോദിക്കാന്‍ പേടിയായിരുന്നു. എനിക്കറിയാം ഗൗരിക്ക് ഇതൊന്നും ഇഷ്ടമില്ലെന്ന്. എങ്കിലും മടിച്ചു മടിച്ച് ചോദിച്ചു. പക്ഷെ, ഗൗരി സമ്മതിച്ചില്ല. പിന്നീട് പല തവണ ഞാന്‍ വിളിച്ചു ചോദിച്ചു. എന്റെ നിര്‍ബന്ധത്തിനൊടുവിലാണ് ഗൗരി റെഡ് ലോട്ടസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. ഒരുപാട് കഷ്ടപ്പെട്ടാണ് അത് അഭിനയിച്ച് തീര്‍ത്തത്. കൊടും വേനല്‍കാലത്തായിരുന്നു ഷൂട്ടൊക്കെ. മുഴുവനും ഔട്ട് ഡോര്‍. പക്ഷെ ഒരുപാട് അംഗീകരിക്കപ്പെട്ടു.’

Gowri Savithri, Friendship Day

ഗൗരി സാവിത്രി

മായ ഇല്ലായിരുന്നെങ്കില്‍ താന്‍ ആ പരസ്യത്തില്‍ അഭിനയിക്കില്ലായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. ‘എനിക്ക് പബ്ലിക്കിന് മുന്നിലേക്ക് വരാന്‍ കുറച്ച് പ്രശ്‌നമുള്ള കൂട്ടത്തില്‍ ആണ്. പക്ഷെ മായ എന്നെ ഒരുപാട് പിന്തുണക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചില്ലെങ്കില്‍ മായയുടെ അവസരം കൂടി നഷ്ടപ്പെട്ടാലോ എന്ന ചിന്തയാണ് അങ്ങിനെയൊരു തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനു ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു. എല്ലാത്തിനും തുടക്കമിട്ടത് മായയുടെ സൗഹൃദം തന്നെയായിരുന്നു. പിന്നെ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി കം ഔട്ട് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചതും മായയാണ്.’

Read More : ഭിക്ഷാടകയില്‍ നിന്ന് ന്യായാധിപകയിലേക്ക്; ഇത് ജോയിത മണ്ഡലിന്റെ ജീവിതം

ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ താന്‍ ആദ്യം വിളിക്കുന്നത് ഗൗരിയെ ആണെന്ന് മായ ‘എനിക്കെന്നെക്കാള്‍ വിശ്വാസമാണവളെ. അവളോടൊരു കാര്യം പറയുമ്പോള്‍ എന്നോട് പറയുന്നതു പോലെ തന്നെ തോന്നും. ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ കാര്യം പോലും ഞാന്‍ ഗൗരിയോട് പറയും. 50 കോടി കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ഗൗരി അക്കാര്യങ്ങള്‍ മറ്റൊരാളോട് പറയില്ല എന്നു ഉറപ്പുണ്ട്. അത്രയ്ക്ക് വിശ്വസ്തയാണ്. എത്ര പ്രശ്‌നം നിറഞ്ഞ സിറ്റ്വേഷനും അനായാസമായി ഹാന്‍ഡില്‍ ചെയ്യാനുള്ള ഗൗരിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തൊരു പ്രശ്‌നം പറയുമ്പോഴും അതിനൊരു പരിഹാരം അവളുടെ അടുത്തുണ്ടാകുമെന്ന് എനിക്കുറപ്പാണ്. പകരം വെക്കാനില്ലാത്ത സുഹൃത്താണ് ഗൗരി.’

Maya Ann Joseph

മായ ആൻ ജോസഫ്

യാത്രകളാണ് ഗൗരിയുടേയും മായയുടേയും മറ്റൊരു പ്രിയ വിനോദം. യാത്ര ചെയ്യാന്‍ നല്ലകൂട്ടുകിട്ടുക എന്നതൊരു ഭാഗ്യമാണെന്ന് മായ: മിക്കവാറും യാത്ര പോകുമ്പോള്‍ ഞാനെന്തെങ്കിലുമൊക്കെ എടുക്കാന്‍ മറക്കും. പക്ഷെ അതു മുന്‍കുട്ടിക്കാണാനുള്ള കഴിവും ഗൗരിക്കുണ്ട്. ‘ഗൗരി ഞാന്‍ എണ്ണയെടുക്കാന്‍ മറന്നു, സോപ്പെടുക്കാന്‍ മറന്നു’ എന്നൊക്കെ പറയുമ്പോള്‍ അവള്‍ തിരിച്ചു പറയും ‘കുഴപ്പമില്ല, ഞാനെടുത്തിട്ടുണ്ട്’ എന്ന്. ‘ഇതുകൂടാതെ, അവള്‍ ഇടക്ക് വൈക്കത്തു നിന്ന് എന്നെ കാണാന്‍ വരും. ചേന, ചേമ്പ്, ചക്ക മാങ്ങ… അങ്ങനെ എല്ലാം പൊതിഞ്ഞു കെട്ടി ഭദ്രമായി എനിക്കെത്തിച്ചു തരും. ഇടക്ക് ഞാന്‍ പറയും ഗൗരി എനിക്ക് ഇലയട കഴിക്കാന്‍ തോന്നുന്നു എന്ന്. അടുത്ത ആഴ്ച അതുമായി അവളിവിടെ എത്തും.’

‘മായയുടെ ഇഷ്ട വിനോദം എന്നെ ഒരുക്കുക എന്നതാണ്.’ എന്ന് ഗൗരി.

‘ഹാ ഹാ. സത്യമാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗൗരിയെ ഒരുക്കാന്‍. അവള്‍ക്ക് മുടികെട്ടിക്കൊടുക്കാനും, കണ്ണെഴുതി കൊടുക്കാനും ഒക്കെ. പുതിയ ഹെയര്‍ സ്റ്റൈല്‍ ഒക്കെ ഞാന്‍ പരീക്ഷിക്കുന്നത് ഗൗരിയിലാണ്. പക്ഷെ ഒന്നും മിണ്ടാതെ അനങ്ങാതെ ഇരുന്നു തരും.’

Gowri Savithri, Maya Anne Joseph

ഗൗരിയും മായയും ഷൂട്ടിങിനിടയിൽ

നല്ല സുഹൃത്തുക്കളെ ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. ജീവിതത്തെ മുഴുവനായി മാറ്റാനുള്ള കരുത്തുണ്ട് അത്തരം സൗഹൃദങ്ങള്‍ക്ക്. ഇവരുടെ സ്‌നേഹം കാണുമ്പോള്‍ മധുസൂദനന്‍ നായരുടെ കവിതയിലെ വരികള്‍ ഓര്‍മ്മ വരുന്നു
‘കൂട്ടുകാരീ, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ, ചേര്‍ത്ത
ഹൃത്താളഗതിയൂര്‍ന്നു പോകാതെ, മിഴി വഴുതി വീഴാതെ,
ഇരുള്‍ക്കയം പൂകാതെ, കാത്തിരിക്കേണമിനി നാം തനിച്ചല്ലോ..’

Read More : ട്രാൻസ്ജെൻഡർ എന്നു പറയേണ്ടെന്ന് മമ്മുക്ക ഉപദേശിച്ചിട്ടുണ്ട്; നടി അഞ്ജലി അമീർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ