ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. മമ്മൂട്ടിയും ദുൽഖറും നസ്രിയയും ഗ്രിഗറി ജേക്കബും അടക്കമുള്ളവർ മറിയത്തിന് ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
കാർട്ടൂണുകൾ ഏറെയിഷ്ടമുള്ള മകൾക്കായി മാജിക് തീമിലുള്ള പിറന്നാൾ ഡെക്കറേഷൻസാണ് ദുൽഖറും അമാലും ഒരുക്കിയത്. റെയിൻബോ നിറങ്ങളും മാജിക് തീമുമൊക്കെയായി വളരെ കളർഫുളായ രീതിയിലാണ് കുഞ്ഞു മറിയത്തിനുള്ള കേക്കും അമാലും ദുൽഖറും ഒരുക്കിയത്, മറിയത്തിന്റെ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ പിറന്നാൾ കേക്കുകൾ ഒരുക്കിയത്. മുൻപും ദുൽഖറിന്റെ കുടുംബത്തിലെ വിവിധ ആഘോഷങ്ങൾക്ക് ഷസ്നീൻ കേക്ക് ഒരുക്കിയിട്ടുണ്ട്.

മമ്മൂട്ടിയ്ക്കായി ഷസ്നീൻ അലിയുടെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്സ് ഒരുക്കിയ ഫ്രൂട്ട് കേക്കും മുൻപ് ശ്രദ്ധ നേടിയിരുന്നു. സുറുമിയുടെ ആഗ്രഹപ്രകാരമായിരുന്നു സൺഡ്രോപ് പഴങ്ങൾ കൂടി ഉൾപ്പെടുത്തിയ ആ കേക്ക് നിർമിച്ചത്. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ ഉണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ ഏറെ താൽപ്പര്യമുള്ള മമ്മൂട്ടിയുടെ ഇഷ്ടം കൂടെ കേക്ക് ഡിസൈനിലേക്ക് കൊണ്ടുവരാനാണ് സുറുമി ആഗ്രഹിച്ചത്.