ഓരോ തവണയും വ്യത്യസ്തമായ തീരുമാനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുന്ന ഒരാളാണ്, ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ജനങ്ങളെ ബാധിക്കുന്ന ഓരോ കാര്യങ്ങളിലും സുക്കര്‍ബര്‍ഗ് തന്റെ ശബ്ദമുയര്‍ത്താറുണ്ട്. അതിനി സ്വകാര്യ ജീവിതത്തിലായാലും ഒരു രാഷ്ട്രീയം സുക്കര്‍ബര്‍ഗിനുണ്ട്. നേരത്തെ, സൊമാലിയന്‍ അഭയര്‍ത്ഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ചിത്രം പങ്കുവച്ചതിലൂടെ അദ്ദേഹം ഇതു തെളിയിച്ചതാണ്.

സുക്കര്‍ബര്‍ഗും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ഉള്ള കാത്തിരിപ്പിലാണ്. ഈ അവസരത്തില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ അവസരത്തില്‍ താന്‍ രണ്ടുമാസത്തെ പ്രസവാവധി (പിതൃത്വ അവധി) എടുക്കുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചു.

ആദ്യത്തെ കുഞ്ഞായ മാക്‌സ് ജനിച്ച സമയത്തും താന്‍ രണ്ടുമാസം അവധി എടുത്തിരുന്നെന്നും, ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ അച്ഛന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങളുടെ അടുത്ത കുഞ്ഞ് ഉടന്‍ തന്നെ വരും. അവള്‍ക്കുവേണ്ടിയും ഞാന്‍ രണ്ടുമാസം അവധി എടുക്കുകയാണ്.’ സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ തങ്ങള്‍ ജീവനക്കാര്‍ക്ക് നാലുമാസം മെറ്റേണിറ്റി ലീവും രണ്ടുമാസം പെറ്റേണിറ്റി ലീവും കൊടുക്കാറുണ്ടെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ തങ്ങളുടെ നവജാത ശിശുക്കള്‍ക്ക് വേണ്ടി അവധിയെടുത്ത് കൂടെയിരിക്കുന്നത് കുടുംബത്തിന്റെ സന്തോഷത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ