മെല്‍ബണ്‍: കടലില്‍ ഇറങ്ങുന്നവര്‍ക്ക് ഭീഷണിയായി മാംസഭോജികളായ ചെറുജീവികള്‍. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ മെല്‍ബണ്‍കാരനായ കൗമാരക്കാരനെ ജീവികള്‍ ആക്രമിച്ചത്. ഇരുകാലിലൂടെയും ചോര ഒലിപ്പിച്ച് കുട്ടി കുളിച്ചുകയറിയത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ പറ്റിയ അഴുക്ക് കഴുകുന്നതിനാണ് സാം കാനിസായ് (16) ബ്രിങ്ടണിലെ ഡെന്‍ഡി സ്ട്രീറ്റ് ബീച്ചില്‍ ഇറങ്ങിയത്. അരമണിക്കൂറിനു ശേഷം തിരിച്ചുകയറിയ കാനിസായുടെ ഇരുകാലിലും ചെറുജീവികള്‍ പൊതിഞ്ഞ നിലയിലായിരുന്നു. കാലില്‍ നിന്ന് നിലയ്ക്കാത്ത വിധത്തില്‍ രക്തവും ഒഴുകുന്നുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേന്‍ പോലുള്ള ചെറു ജീവികള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഇവ സാമിന്റെ ത്വക്ക് ഭക്ഷണമാക്കിയതിനെ തുടര്‍ന്നാണ് രക്തപ്രവാഹമുണ്ടായത്. രക്തപ്രവാഹം നില്‍ക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് സാമിന്റെ പിതാവ് ജറോഡ് കനിസെ പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു സംഭവം അസാധാരണമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കടല്‍പേന്‍ പോലുള്ള ജീവിയാണ് സാമിന്റെ കാലില്‍ പറ്റിപ്പിടിച്ചതെന്ന് ന്യൂ സൗത്ത് വേല്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകനായ അലിസ്റ്റര്‍ പുരെ പറഞ്ഞു. എന്നാല്‍ കടല്‍ പേനുകള്‍ കടിച്ച് ഇത്തരമൊരു അപകടമുണ്ടാകുന്നത് അസാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ