17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക്. ഹരിയാനസ്വദേശി മാനുഷി ചില്ലാറാണ് ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന സുന്ദരി. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് 21 വയസുള്ള മാനുഷി. ലോകസുന്ദരിപ്പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്. ലോകസുന്ദരിപ്പട്ടം നേടിയത്​ ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന്​ മാനുഷി ചില്ലാർ പറഞ്ഞു. ലോകസുന്ദരിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണക്ക്​ നന്ദി​. ഇത്തരമൊരു അവസരം നൽകിയതിന്​ സംഘാടകർക്കും നന്ദി പറയുന്നതായി ചില്ലാർ വ്യക്​തമാക്കി.

ഞാൻ ചെയ്ത നല്ല കാര്യങ്ങളുടെ ഫലമാണ് മാനുഷിയെന്ന് ലോക സുന്ദരിയുടെ അച്ഛൻ ഡോക്ടർ മിത്ര ബസു ചില്ലാർ പറഞ്ഞു. അമ്മയാണ് എന്രെ ജീവിതത്തിലെ എറ്റവും വലിയ പ്രചോദനമെന്ന് ലോക സുന്ദരിപട്ടം നേടിയ മാനുഷി ചില്ലർ പറഞ്ഞു. എല്ലാ അമ്മമാരും അവരുടെ കുഞ്ഞുങ്ങൾക്കായി ത്യാഗം സഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ലോകത്തേറ്റവും ഉയർന്ന ബഹുമാനവും ശമ്പളവും ലഭിക്കേണ്ടത് അമ്മയ്ക്കാണെന്ന് ലോകസുന്ദരി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 മത്സരാര്‍ത്ഥികളെ പിറകിലാക്കിയാണ് മാനുഷി ഇത്തവണ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ഡിയാക് സര്‍ജന് ആകാൻ പഠിക്കുന്ന മാനുഷിക്ക് പഠനവും മോഡലിങും പോലെ സാഹസികതകളും വലിയ ഇഷ്ടം തന്നെ. പാരഗ്ലൈഡിങ്, ബഞ്ചീ ജംപിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങി മാനുഷി കൈവെക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പുറമേ ക്ലാസിക്ക് ഡാന്‍സറും ചിത്രകാരിയുമാണ് മാനുഷി.

ഗ്ലാമറിന്റെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള തന്റെ കടമകള്‍ വിസ്മരിക്കാന്‍ മാനുഷി ഒരുക്കമല്ല. വനിതാ ശാക്തീകരണം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ആദ്യം വനിതകളുടെ ആരോഗ്യമാണ് ലക്ഷ്യം വെക്കേണ്ടത് എന്ന ഉത്തമബോധ്യത്തിലാണ് ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണവുമായി മാനുഷി ഗ്രാമങ്ങളിലേക്കിറങ്ങിയത്. 20 ഗ്രാമങ്ങളില്‍ സ്വയം സഞ്ചരിച്ച് ഏകദേശം 5000 സ്ത്രീകളുടെ ജീവിതം മാറ്റി മറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ