ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.
എയ്ഡ്സ് ബാധിതന് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന പഴഞ്ചന്‍ ചിന്തകളെ പൊളിച്ചെഴുതുന്ന പുസ്തകമാണ് പ്രദീപ്കുമാര്‍ സിങ് എന്ന ചെറുപ്പക്കാരന്റെ ജീവിതം. ഈ എയ്ഡ്സ് ദിനത്തില്‍ ആശയറ്റവര്‍ക്ക് ഏറെ പ്രചോദനമാകുന്നതാണ് മണിപ്പൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ജീവിതകഥ. 2000ത്തില്‍ ആണ് അദ്ദേഹം എച്ച്ഐവി പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. 2007ല്‍ മിസ്റ്റര്‍ മണിപ്പൂരി ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം താന്‍ എയ്ഡ്സ് ബാധിതനാണെന്ന കാര്യം പരസ്യപ്പെടുത്തിയത്.
മയക്കുമരുന്നിന് അടിമയായിരുന്ന പ്രദീപ് കുമാറിന് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചാണ് എച്ച്ഐവി ബാധിച്ചത്. 2000ത്തില്‍ എയ്ഡ്സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹം തളരാന്‍ തയ്യാറായില്ല. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് അദ്ദേഹം പരിശീലനം തുടങ്ങിയതെങ്കിലും ബോഡി ബില്‍ഡിങ്ങിലൂടെ ഒരു തിരിച്ചുവരവ് നടത്തണമെന്ന് നിശ്ചയിക്കുകയായിരുന്നു.
2012ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേ വര്‍ഷം തന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നാലെ അദ്ദേഹം എച്ച്ഐവി എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്നതില്‍ സജീവമായി ഇടപെട്ടു.
മണിപ്പൂര്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായി അദ്ദേഹത്തെയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പ്രദീപ്കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പുറത്തിറക്കിയത്. ‘ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ?’ എന്നാണ് പുസ്തകത്തിന്റെ പേര്.
നിരവധി പ്രശ്നങ്ങള്‍ നിലവിലുളള മണിപ്പൂരില്‍ ബോഡി ബില്‍ഡിങ് വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. എയ്ഡ്സ് എന്ന ഭീകരതയെ നേരിടാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും എയ്ഡ്സ് വ്യാപകമാകുന്നത് തടയുന്നതിനും ലക്ഷ്യമിട്ട് 1988-ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വന്നത്. ഹ്യുമൻ ഇമ്മ്യൂണോ വൈറസ് (എച്ച്ഐവി) ശരീരത്തിലേക്ക് കടക്കുന്നത് വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്. അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്.
1984-ല്‍ അമേരിക്കന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിക്ക് ഭീഷണിയായ എച്ച്ഐവി വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇവരില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണ്. കൂടാതെ എയ്ഡ്സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഈ മാരകരോഗം ഇന്ന് ലോകത്തിനുണ്ടാക്കിയ ദുരവസ്ഥ. അതേസമയം, കൃത്യ സമയത്തെ രോഗനിര്‍ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട് എന്നതും നേട്ടമാണ്.
എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്ഐവി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.