ബീജിങ്: ദക്ഷിണ ചൈനയില്‍ കാട്ടുപന്നിയുടെ പിത്താശയത്തില്‍ നിന്നും ഗോരോചനക്കല്ല് കിട്ടിയ കര്‍ഷകന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. മൃഗങ്ങളുടെ പിത്തസഞ്ചിയില്‍ നിന്നും ലഭിക്കുന്ന ഈ അപൂര്‍വ്വ ഔഷധത്തിന് 4,50,000 പൗണ്ടാണ് വിദഗ്ധര്‍ വില കണക്കാക്കുന്നത്. അതായത് ഏകദേശം 4 കോടി രൂപ.

51കാരനായ ബോ ചിനോലു എന്ന കര്‍ഷകന് കിട്ടിയ ഗോരാചന കല്ലിന് 4 ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുണ്ട്. റിസോ നഗരത്തിലെ ജൂ കൗണ്ടിയിലുളള ഇയാളുടെ ഫാമില്‍ വച്ചാണ് 8 വയസ് പ്രായമുളള കാട്ടു പന്നിയെ ഇയാള്‍ കശാപ്പ് ചെയ്തത്. 250 കിലോ ഗ്രാം ഭാരമുളള പന്നിയുടെ പിത്താശയത്തില്‍ നിന്നുമാണ് ഇത്രയും വലിയ ഗോരോചന കല്ല് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കേരളത്തിലും ഗോരോചനകല്ല് കണ്ടെത്തിയതായ വാര്‍ത്ത പുറത്തുവന്നിരുന്നു. മലപ്പുറത്ത് നബിദിനത്തിന്റെ ഭാഗമായി നടത്തിയ അറവിനിടെയാണ് പോത്തിന്റെ പിത്തസഞ്ചിയില്‍ നിന്നും ഗോരോചനം കണ്ടെത്തിയതായി പ്രചരണം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പ്രചരിച്ചു. ഏകദേശം 50,000 രൂപയാണ് ഇതിന് കണക്കാക്കിയത്. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് ഗോരോചനത്തിന് വില.

മലപ്പുറത്ത് കണ്ടെത്തിയതായി പറയപ്പെടുന്ന ഗോരോചനത്തിന്റെ ചിത്രം

പശു അടക്കമുളള മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ്വ ഔഷധമാണ് ഗോരോചനകല്ല്. ആരോഗ്യമുള്ള അപൂര്‍വ്വം പശുക്കളിലും കാളകളിലും മറ്റ് ചില നാല്‍ക്കാലികളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. ഇവ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളു. അതിനാല്‍ പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലാബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്.

തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ചുവരുന്നു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്‌ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി ധരിച്ചാല്‍ തടസ്സങ്ങള്‍ അകലുമെന്നും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ