ആഡംബര വിവാഹങ്ങളാൽ എന്നും ഓർത്തിരിക്കുന്ന വർഷമാണ് 2018. ബോളിവുഡിൽ രൺവീർ സിങ്-ദീപിക പദുക്കോൺ, നിക് ജൊനാസ്-പ്രിയങ്ക ചോപ്ര എന്നീ രണ്ടു താരവിവാഹങ്ങളാണ് ഈ വർഷം നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹവും ഈ വർഷമായിരുന്നു. ഇവയെല്ലാം തന്നെ ആഡംബരം കൊണ്ട് വാർത്തകളിൽ നിറഞ്ഞുനിന്ന വിവാഹങ്ങൾ കൂടിയായിരുന്നു.

കോടിക്കണക്കിന് രൂപ ചെലവാക്കി വിവാഹം നടത്തുന്നവർക്ക് ചെലവ് ചുരുക്കി എങ്ങനെ വിവാഹം നടത്താമെന്ന് കാണിച്ചുകൊടുക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ളൊരു യുവാവ്. വെറും 20,000 രൂപയ്ക്ക് തന്റെ വിവാഹം നടത്തിയ കഥ ട്വിറ്ററിലൂടെയാണ് പാക് യുവാവ് റിസ്‌വാൻ പെഹൽവാൻ ലോകത്തോട് വിളിച്ചു പറഞ്ഞത്.

”വിവാഹ സീസണാണ് ഇപ്പോൾ. ഇവിടെ ഞാൻ എന്റെ വിവാഹ കഥയാണ് പറയുന്നത്. നിങ്ങളുടെ ബജറ്റിനുള്ളിൽനിന്നും വിവാഹം നടത്താൻ എന്നെപ്പോലെ നിങ്ങൾക്കും കഴിയും. എന്റെ അതിഥികൾ 25 പേരായിരുന്നു, സുഹൃത്തുക്കളും മാതാപിതാക്കളും ഉൾപ്പെടെ. വിവാഹ വേദി എന്റെ വീടിന്റെ ടെറസായിരുന്നു. ചിക്കൻ ടിക്ക, സീക് കബാബ്, പത്തൂരി ചനായ് ഹൽവ, സ്ട്രാബറീസ് എന്നിവയായിരുന്നു വിഭവങ്ങൾ,” റിസ്‌വാൻ ട്വീറ്റ് ചെയ്തു.

വിവാഹ ബജറ്റ് 20,000 ത്തിൽ ഒതുങ്ങിയത് എങ്ങനെയെന്നും റിസ്‌വാൻ ട്വിറ്ററിൽ വിശദമാക്കിയിട്ടുണ്ട്. ”എന്റെ ബജറ്റ് 20,000 ത്തിൽ ഒതുങ്ങി. എന്റെ സുഹൃത്താണ് പാചകം ചെയ്തത്. ചിക്കനും മസാലയും വാങ്ങിക്കൊടുത്ത് സഹായിയായി അവനൊപ്പം ഞാനും കൂടി. ഭാര്യ ഖട്ടായ് ആലു ഉണ്ടാക്കി. അച്ഛൻ മനോഹരമായ ലൈറ്റുകൾ കൊണ്ട് ടെറസ് അലങ്കരിച്ചു. സമീപങ്ങളിൽനിന്നും 25 കസേരകൾ കൊണ്ടുവന്നു. ഭക്ഷണം കഴിക്കാനായി ടേബിളുകളും കൊണ്ടുവന്നു. ഡെസർട്ടിനു പകരം സ്ട്രാബറീസും ഐസ്ക്രീമും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.”

”അമ്മയും സഹോദരിയും സമ്മാനമായി നൽകിയ വസ്ത്രങ്ങളാണ് ഞാനും ഭാര്യയും ധരിച്ചത്. ഭക്ഷണത്തിനുശേഷം അർധരാത്രി വരെ ഞങ്ങൾ സംസാരിച്ചു. അങ്ങനെ സന്തോഷത്തോടെ വിവാഹം കഴിഞ്ഞു. ഞാനിതിലൂടെ പറയാൻ ശ്രമിക്കുന്നത്, നിങ്ങളുടെ കഴിവിന് അനുസരിച്ചുളള രീതിയിൽ വിവാഹ ആഘോഷം നടത്തൂ. ചെറിയ രീതിയിലായാലും വലിയ രീതിയിലായാലും അതിൽ സന്തോഷം കണ്ടെത്തൂ. വിവാഹം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കണം,” റിസ്‌വാൻ പറയുന്നു.

വിവാഹ ചിത്രവും റിസ്‌വാൻ പങ്കുവച്ചിട്ടുണ്ട്. ബജറ്റ് ചുരുക്കി വിവാഹിതരായ നവദമ്പതികൾക്ക് ട്വിറ്ററിൽ മുഴുവൻ ആശംസകൾ നിറയുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook