ശരീരഭാരം കുറയ്ക്കാനായി തലകുത്തി മറിയുന്ന മനുഷ്യന്മാരെ നമ്മള് കണ്ടിട്ടുണ്ട്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും കൊണ്ടാണ് പലപ്പോഴും ശരീരഭാരം കുറയ്ക്കാറുളളത്. ഇതിനും ക്ഷമയില്ലാത്തവര്‍ ചികിത്സിച്ചും തടി കുറയ്ക്കും. എന്നാല്‍ ജീവിതം ആസ്വദിച്ച് യാത്ര ചെയ്ത് തടി കുറച്ച കഥ എന്നെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു ജീവിതകഥയാണ് ഇവിടെ പറയുന്നത്. 30 ദിവസം വെറും ഇളനീര് മാത്രം കുടിച്ചാണ് യുവാവ് ഭാരം കുറച്ചത്, അതും നാടുചുറ്റി കണ്ടുകൊണ്ട്.
അനൂജ്, ഇഷാന് എന്നീ യുവാക്കള്‍ രണ്ട് മാസം മുമ്പ് ഒരു നീണ്ട സീറോ ബഡ്ജറ്റ് യാത്ര പോകാന്‍ തീരുമാനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പണമൊന്നും കരുതാതെ, കിട്ടുന്ന ജോലി ചെയ്തും ഡാന്‍സ് ചെയ്തും മുന്നോട്ട് പോകാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇരുവരും ഇന്‍സ്റ്റഗ്രാമിലും നടത്തി യാത്ര ആരംഭിച്ചു.
ഭക്ഷണമൊന്നും ഇല്ലാതെ, വാട്ട്സ്ആപ് പോലും ഉപയോഗിക്കാതെ, തേങ്ങാ വ്രതമെടുത്ത്, ഇളനീര് മാത്രം കുടിച്ചൊരു നീണ്ട യാത്ര. സ്കൂട്ടറില്‍ ഒറീസയിലേക്കാണ് ആദ്യ യാത്ര പോയത്. ആദ്യത്തെ രണ്ട് ദിവസം ഇരുവരും ഇളനീര് മാത്രം കുടിച്ച് വയറ് നിറയെ കാഴ്ച്ചയും കണ്ടങ്ങനെ കറങ്ങി. എന്നാല്‍ മൂന്നാം ദിവസം ഇഷാന് ഇളനീര് വെച്ച് കീഴടങ്ങി. ഇളനീര് മാത്രം കുടിച്ച് ഇനി ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് പറഞ്ഞ ഇഷാന് അനൂജിന് മുമ്പില്‍ തളര്‍ന്നിരുന്നു.
എങ്കില്‍ അങ്ങനെയാവട്ടെ എന്ന് പറഞ്ഞ അനൂജ് ഇളനീര് കുടിച്ച് തന്നെ മുമ്പോട്ട് പോയി. നീണ്ട 30 ദിവസം പലയിടത്തും പല ജോലിയും ചെയ്തും, ക്ലാസുകള്‍ എടുത്തും ഡാന്‍സ് കളിച്ചും ഇരുവരും യാത്ര ചെയ്തു. കാഴ്ച്ചകളെ മനസ്സിലും ക്യാമറയിലുമാക്കിയ ഇരുവരും ഓരോ ഘട്ടത്തിലും ഇന്‍സ്റ്റഗ്രാമിലും തങ്ങളുടെ യാത്രയെ കുറിച്ച് പോസ്റ്റുകള്‍ ഇട്ടു.
ജീവിതത്തില്‍ ഇന്നേവരെ കിട്ടാത്തത്രയും മനോഹരമായ ദിവസങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇരുവരും പറയുമ്പോഴും അതിലും വലിയ ഒന്നാണ് അനൂജിന് യാത്ര കൊണ്ട് നേടാനായത്. 30 ദിവസം കൊണ്ട് 14 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. മുമ്പത്തേയും യാത്ര ചെയ്തതിന് ശേഷമുളളതുമായ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് തന്റെ നേട്ടവും പ്രഖ്യാപിച്ചു.
ഇളനീര് ഡയറ്റ് എല്ലാവരും ഒന്നു ട്രൈ ചെയ്ത് നോക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. നീണ്ട യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും വീട്ടില്‍ നിന്ന് ഉപ്പുമാവും തൈരും കഴിച്ചാണ് വ്രതം മുറിച്ചത്. ഇനി അടുത്തതായി മറ്റൊരു യാത്രയാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നത്. അതിനെ കുറിച്ച് അവരേക്കാളും ആകാംക്ഷയോടെ കാത്തിരിക്കുന്നത് നമ്മളാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.