സെപ്റ്റംബർ ഏഴിനായിരുന്നു മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാംജന്മദിനം. ആരാധകരും വീട്ടുകാരും സഹപ്രവർത്തകരും സുഹൃത്തുക്കളും മാധ്യമങ്ങളുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം അങ്ങ് ആഘോഷമായി കൊണ്ടാടി. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ താരത്തിനായി പ്രിയപ്പെട്ടവർ ഒരുക്കിയ വെറൈറ്റി കേക്കുകളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മമ്മൂട്ടിയ്ക്കായി മരുമകൾ അമാൽ സൂഫിയ ഒരുക്കിയ കേക്കും ശ്രദ്ധ നേടുകയാണ്. ബ്ലാക്ക്, ഗ്രേ, ഗോൾഡൺ നിറങ്ങളുടെ കളർ കോമ്പിനേഷനിലാണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. അൽപ്പം ആർട്ടിസ്റ്റിക്കാണ് അമാലിന്റെ ഡിസൈനിൽ പിറന്ന ഈ കേക്ക്. പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് അമാലിനായി ഈ കേക്കും ഡിസൈൻ ചെയ്തത്.
ചാക്കോച്ചന്റെ സ്നേഹസമ്മാനം
അതിലേറെ ശ്രദ്ധ നേടിയത് മമ്മൂട്ടിയ്ക്ക് വേണ്ടി കുഞ്ചാക്കോ ബോബനും പ്രിയയും ഒരുക്കിയ സ്പെഷ്യൽ കേക്ക് ആണ്. സോഫയില്‍ ചാരി താടിക്ക് കൈ കൊടുത്തിരിക്കുന്ന മമ്മൂട്ടിയെ ആണ് കേക്കിൽ കാണാനാവുക. ടീന അവിര സിഗ്നേച്ചര്‍ കേക്ക്സ് ആണ് പ്രിയയുടെ ആശയത്തിന് അനുസരിച്ച് ഈ കേക്ക് നിർമ്മിച്ചത്. മമ്മൂട്ടി എന്ന നടന്റെ ചില സുപ്രധാന നേട്ടങ്ങളും, ചിത്രങ്ങളുമെല്ലാം കേക്കിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.
“ഒരു ഇതിഹാസം ആഘോഷിക്കുമ്പോള്‍, ലോകം അതിലേക്ക് ഒത്തു ചേരുന്നു. നമ്മുടെ ഗ്ലാലക്സിയിലെ എറ്റവും വലുതും, തിളക്കമാര്‍ന്നതുമായ നക്ഷത്രത്തിന് ആശംസകള്‍,” എന്ന അടിക്കുറിപ്പോടെയാണ് ടീന അവിര സിഗ്നേച്ചര്‍ കേക്സ് കേക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്.
എവര്‍ഗ്രീന്‍ ഐക്കണെന്നാണ് കേക്കിന് താഴെയായി എഴുതിയിരിക്കുന്നത്. സോഫയില്‍ താടിക്ക് കൈകൊടുത്ത് പ്രൗഡിയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് ഒരു വശത്ത്. മറു വശത്തായുള്ള ഷെല്‍ഫില്‍ കേരള സംസ്ഥാന പുരസ്കാരവും, കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും കാണാം. ഷെല്‍ഫിന്റെ താഴെയായി മമ്മൂട്ടി അഭിനയിച്ച ദ്രുവം, വാത്സല്യം, മതിലുകള്‍, സൂര്യമാനസം, ഏഴുപുന്നതരകന്‍, ദി കിംഗ്, ദി പ്രീസ്റ്റ്, ദളപതി, പൊന്തന്മാട എന്നീ സിനിമകളുടെ പോസ്റ്ററുകളും നല്‍കിയിട്ടുണ്ട്.
പഴങ്ങളിഷ്ടപ്പെടുന്ന മമ്മൂക്കയ്ക്ക് ഒരു ഫ്രൂട്ട് കേക്ക്
ആരോഗ്യകരമായ ഭക്ഷണത്തിന് എപ്പോഴും പ്രാധാന്യം നൽകുന്ന, പഴങ്ങൾ കഴിക്കാനിഷ്ടമുള്ള മമ്മൂട്ടിയ്ക്ക് ആയി ഒരു വാട്ടർ മെലൺ കേക്കും ഈ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർ സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
‘എം’ എന്നെഴുതിയ മറ്റൊരു കേക്കും മമ്മൂട്ടിയുടെ പിറന്നാൾ കേക്കുകളിൽ ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്.
പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ കേക്കും ഡിസൈൻ ചെയ്തത്.