മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ആരാധകരും. ലോകത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യർ പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് സോഷ്യൽ മീഡിയയിലൂടെ. പ്രിയപ്പെട്ടവർക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.


കൊച്ചിയിലെ പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് മമ്മൂട്ടിയുടെ പിറന്നാൾ കേക്ക് ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ വളരെ ലളിതമാണെങ്കിലും സ്വാദേറുന്ന ഇസ്പഹാൻ ഓൺട്രിമെ ആണ് താരത്തിനായി പ്രിയപ്പെട്ടവർ ഒരുക്കിയത്. ബദാം സാബിളെ, ബദാം ജെനോയി, റാസ്ബെറി കുലി, ലിച്ചി ജെല്ലി, വൈറ്റ് ചോക്ലേറ്റ് റോസ് മൂസ്ലിൻ, ലൈറ്റ് ലിച്ചി മൂസ് എന്നിവയാണ് ഈ സ്പെഷൽ കേക്കിന്റെ ചേരുവകൾ.
കേക്കിലും അൽപ്പം കൂടി രാജകീയമാണ് ഡിസേർട്ട് കേക്ക് എന്നൊക്കെ പറയാവുന്ന ഓൺട്രിമെ. വിവിധ ലെയറുകളിൽ മൂസും ജെല്ലിയുമൊക്കെ നിറച്ച്, പലവിധ ചേരുവകളാൽ അലങ്കരിച്ചാണ് സാധാരണയായി ഓൺട്രിമെ ഒരുക്കുന്നത്. വ്യത്യസ്ത നിറങ്ങളിലും ആകൃതികളിലും വലുപ്പങ്ങളിലും വരുന്ന ഓൺട്രിമെകൾക്ക് വൈവിധ്യമാർന്ന ഫ്ലേവർ കോമ്പിനേഷനുകളെ ഒന്നിച്ചുകൊണ്ടുവരാനാവും.
മുൻപും മമ്മൂട്ടിയ്ക്കായി പിറന്നാൾ കേക്കുകൾ ഒരുക്കിയിട്ടുള്ള കേക്ക് ആർട്ടിസ്റ്റാണ് ഷസ്നീൻ അലി.