ലാക് മേ ഫാഷൻ വീക്കിന്റെ റാംപിൽ ചുവടുവച്ച് നടി മാളവിക മോഹനൻ. ഡിസൈനർമാരായ വിനീത് രാഹുലിൽ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്. ഡീപ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞ പലാസോയും ബ്രാലെറ്റും ഷീര്‍ ബ്ലൂ ജാക്കറ്റുമായിരുന്നു മാളവികയുടെ വേഷം. സിംപിൾ മേക്കപ്പും ലൂസ് ഹെയറും മാളവികയുടെ സൗന്ദര്യം കൂട്ടി.
ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ അഭിനയരംഗത്തേക്ക് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി ‘നിർണായകം’ സിനിമയിലും അഭിനയിച്ചു. മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദറി’ലും വേഷമിട്ടു. ബോളിവുഡിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ബിയോണ്ട് ദി ക്ലൗഡ്സ്’ സിനിമയിൽ അഭിനയിച്ചു.
തമിഴിൽ രജനീകാന്തിന്റെ ‘പേട്ട’ സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു.മോഹനന്റെ മകളാണ് മാളവിക. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ അടുത്ത ചിത്രം.
ഓഗസ്റ്റ് 20 നാണ് പ്രശസ്തമായ ലാക് മേ ഫാഷൻ വീക്കിന് തുടക്കമായത്. ബോളിവുഡ് നടി കത്രീന കെയ്ഫ് ആയിരുന്നു ഫാഷൻ വീക്കിന് തുടക്കമിട്ട് റാംപിലെത്തിയത്. വരും ദിവസങ്ങളിൽ ബോളിവുഡിലെ പല പ്രമുഖ താരങ്ങളും റാംപിൽ എത്തും.