ശരീരത്തിനും മനസിനും ഉന്മേഷവും ഊർജവും പകരുന്ന വളരെ പവർഫുളായൊരു വ്യായാമമാണ് യോഗ. യോഗയ്ക്ക് അത്ഭുതകരമായ നിരവധി ഗുണങ്ങളുണ്ടെന്ന് നമുക്കറിയം. സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു.ബോളിവുഡ് താരങ്ങളായ മലൈക അറോറ, ശിൽപ്പ ഷെട്ടി, കരീന കപൂർ, മലയാളത്തിൽ സംയുക്ത വർമ്മ എന്നിവരെല്ലാം യോഗയുടെ വലിയ ആരാധകരാണ്.
മലൈക അറോറ സ്ഥിരമായി യോഗാസന വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. യോഗ വീൽ വർക്കൗട്ടു ചെയ്യുന്ന മലൈകയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചക്രാസനം, മത്സ്യാസനം തുടങ്ങിയ പിന്നിലേക്ക് വളയുന്ന ആസനങ്ങൾ പരീക്ഷിക്കുമ്പോൾ ഏറെ സഹായകരമാണ് യോഗ വീൽസ് പോലുള്ള പ്രോപ്‌സുകൾ എന്നാണ് പ്രശസ്ത യോഗ പരിശീലകയായ ഏക്താ പഥക് പറയുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മൂന്നു ആസനങ്ങൾ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്ന് യോഗാസനങ്ങളും മലൈക പരിചയപ്പെടുത്തുന്നു. ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിനും തുല്യ ശ്രദ്ധ ആവശ്യമാണെന്ന് മലൈക പറയുന്നു.
അധോ മുഖ് സ്വനാസന, ബലാസന, സുഖാസന എന്നീ മൂന്നു യോഗാസനങ്ങളാണ് മലൈക നിർദേശിച്ചത്. ഈ യോഗാസനങ്ങൾ ചെയ്യുന്നത് എങ്ങനെയെന്നും നടി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
അധോ മുഖ് സ്വനാസന മനസ്സിനെ ശാന്തമാക്കുകയും തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. ബലാസന മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു. മറ്റു രണ്ടു യോഗാസനങ്ങളെയും പോലെ സുഖാസനയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.