scorecardresearch

Maha Shivratri 2022: മഹാ ശിവരാത്രി: തീയതി, പൂജ സമയം, വ്രതാനുഷ്ഠാനവും ഐതിഹ്യവും

Maha Shivratri 2022 Date, Puja Timings: ഈ വർഷം മാർച്ച് ഒന്നിനാണ് ശിവരാത്രി

Shivratri, festival, ie malayalam

Maha Shivratri 2022 date, puja timings: എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാർവതീ ദേവി ഉറക്കമിളച്ചു പ്രാർഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. ഈ വർഷം മാർച്ച് ഒന്നിനാണ് ശിവരാത്രി.

മഹാശിവരാത്രി പൂജയ്ക്ക് ശുഭ സമയം

ഈ ദിവസം ശിവപൂജ അർധരാത്രി നടക്കും. 12.08 am മുതൽ 12.58 am (മാർച്ച് 2) വരെയാണ് പൂജ സമയം. വിശ്വാസിയായ ഒരാൾക്ക് താഴെ പറയുന്ന നാലെണ്ണത്തിൽ ഏതു സമയത്തും പൂജ ചെയ്യാം.

രാത്രി ആദ്യത്തെ പൂജ സമയം – 6.21 pm മുതൽ 9.27 pm വരെ (മാർച്ച് 1)
രാത്രി രണ്ടാമത്തെ പൂജ സമയം – 9.27 pm മുതൽ (മാർച്ച് 1) 12.33 am വരെ (മാർച്ച് 2
രാത്രി മൂന്നാം തവണത്തെ പൂജ സമയം – 12.33 am മുതൽ 3.39 am വരെ (മാർച്ച് 2)
രാത്രി നാലാം തവണത്തെ പൂജ സമയം – 3.39 am മുതൽ 6.45 am വരെ (മാർച്ച് 2)

ശിവരാത്രി വ്രതാനുഷ്ഠാനം എങ്ങനെ?

തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, ഇവ അരുത്. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തിയശേഷം ശിവ ക്ഷേത്ര ദർശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്.

രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് നന്ന്. അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. ഉച്ചക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം.

ശിവരാത്രി വ്രതത്തിനു പിന്നിലെ ഐതിഹ്യം

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്ത് വന്നു. വിഷം ഭൂമിയിൽ സ്‌പർശിച്ച് ജീവജാലങ്ങൾക്ക് നാശമുണ്ടാകാതിരിക്കാനായി ശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ വിഷം ഉളളിൽ ചെന്ന് ശിവന് ആപത്തുണ്ടാകാതാരിക്കാനായി പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്‌ഠത്തിൽ മുറുകെ പിടിച്ചു. വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്‌ണു വായ് പൊത്തി പിടിക്കുകയും ചെയ്‌തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു. ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Maha shivratri 2022 date puja timings history importance and significance