Maha Shivratri 2021 Date, puja timings:കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാർവതീ ദേവി ഉറക്കമിളച്ചു പ്രാർഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വർഷവും മാഘ മാസത്തിലെ കറുത്ത ചതുര്ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്. മാർച്ച് 11 നാണ് ഈ വർഷത്തെ മഹാ ശിവരാത്രി.
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.
ശിവരാത്രി വ്രതാനുഷ്ഠാനം എങ്ങനെ?
തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, ഇവ അരുത്. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തിയശേഷം ശിവ ക്ഷേത്ര ദർശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്ട വഴിപാടുകളാണ്.
രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് നന്ന്. അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. ഉച്ചക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം.
ശിവരാത്രി വ്രതത്തിനു പിന്നിലെ ഐതിഹ്യം
ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്ത് വന്നു. വിഷം ഭൂമിയിൽ സ്പർശിച്ച് ജീവജാലങ്ങൾക്ക് നാശമുണ്ടാകാതിരിക്കാനായി ശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ വിഷം ഉളളിൽ ചെന്ന് ശിവന് ആപത്തുണ്ടാകാതാരിക്കാനായി പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്ണു വായ് പൊത്തി പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം ശിവന്റെ കണ്ഠത്തിൽ ഉറയ്ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്തു. ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവ്വതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.