ആത്മാർത്ഥ പ്രണയത്തിന് കണ്ണും മൂക്കും മുഖവുമൊന്നും വേണ്ട, പകരം സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയം മാത്രം മതി. നമ്മളിടയ്ക്കിടെ പറയാറുള്ള ഒരു കാര്യമാണിത്. എന്നിട്ടും നമ്മളില്‍ പലരും ചോദിക്കാറുണ്ട്, ‘ആത്മാര്‍ത്ഥ പ്രണയം എന്നൊന്നുണ്ടോ’ എന്ന്. ഇനിയാ ചോദ്യം ചോദിക്കുന്നതിനു മുമ്പ് സരോജ് കുമാറിന്റെയും പ്രമോദിനിയുടേയും കഥ, അല്ല ജീവിതം ഒന്നറിയൂ.
പത്ത് വര്‍ഷം മുമ്പ്, പ്രമോദിനിക്ക് പതിനഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങവേ സമീപവാസിയായ യുവാവ് പ്രമോദിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചയും മുഖവും നഷ്ടപ്പെട്ടു. സംഭവത്തിന് ശേഷം തുടര്‍ച്ചയായ നാലു മാസത്തോളം പ്രമോദിനി ഐസിയുവില്‍ തുടര്‍ന്നു. മുഖവും കാഴ്ചയും വീണ്ടെടുക്കാന്‍ പല ശസ്ത്രക്രിയകളും നടത്തി. പത്തു വര്‍ഷത്തിനിടെ അഞ്ചോളം പ്ലാസ്റ്റിക് സര്‍ജറികളാണ് നടത്തിയത്. ഇതിനിടെ കാഴ്ച തിരിച്ചു ലഭിക്കാനുള്ള ശസ്ത്രക്രിയയും നടത്തി. ഇതേത്തുടര്‍ന്ന് ഇടത് കണ്ണിന് നേരിയ കാഴ്ച ലഭിച്ചു. എല്ലാ പിന്തുണകളുമായി പ്രമോദിനിക്കൊപ്പം അമ്മയുണ്ടായിരുന്നു.
മൂന്നുവര്‍ഷം മുമ്പ്, മാര്‍ച്ചില്‍ കാലില്‍ അണുബാധയെത്തുടര്‍ന്ന് ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് പ്രമോദിനി, സരോജ് കുമാറിനെ പരിചയപ്പെടുന്നത്. പ്രമോദിനിയെ പരിചരിച്ച നഴ്സിന്റെ സുഹൃത്തായിരുന്നു സരോജ്. അമ്മവഴിയാണ് സരോജ് പ്രമോദിനിയുടെ വിവരങ്ങള്‍ അറിഞ്ഞത്. ആദ്യം ഉള്ളില്‍ തോന്നിയ വേദന, പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി.
ഒരിക്കല്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ നല്‍കിയത് സരോജാണെന്നും പ്രമോദിനി പറഞ്ഞു. ആശുപത്രിയില്‍ ദിവസവും മണിക്കൂറുകളോളം തന്നോട് സംസാരിച്ചു. തന്നെ പരിചരിക്കുന്നതിനായി ജോലി വരെ വേണ്ടെന്നുവച്ചു. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകീട്ട് നാല് മുതല്‍ എട്ടു വരെയും തന്റെ കാര്യങ്ങള്‍ നോക്കുന്നതിനായി സമയം ചെലവഴിച്ചു. ഫിസിയോ തെറാപ്പിക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം സരോജ് കൂടെയുണ്ടായി. തന്റെ ജീവിത്തില്‍ ലഭിച്ച വലിയ സൗഭാഗ്യമാണ് സരോജെന്നും രാജ്ഞിയെ പോലെയാണ് അദ്ദേഹം തന്നെ പരിചരിക്കുന്നതെന്നും പ്രമോദിനി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഡല്‍ഹിയില്‍ ഒരുമിച്ച് താമസിക്കുകയാണ് പ്രമോദിനിയും സരോജും. വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം.
ചിത്രങ്ങൾക്ക് കടപ്പാട്: ഡെയ്ലി മെയിൽ