ഓസ്കർ പുരസ്‌കാര രാവിൽ ഇന്ത്യയുടെ താരസുന്ദരി പ്രിയങ്ക ചോപ്രയും തിളങ്ങി. 89-ാമത് ഓസ്കർ പുരസ്കാരം ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിൽ നടക്കുന്പോൾ ബോളിവുഡ് സുന്ദരി പ്രിയങ്കയിലേക്കാണ് ഫാഷൻ പ്രേമികൾ ഉറ്റുനോക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് പ്രിയങ്ക ഓസ്‌കർ വേദിയിൽ സാന്നിധ്യമറിയിക്കുന്നത്.
റെഡ് കാർപ്പറ്റിലൂടെ വെളള സ്ട്രാപ്‌ലെസ്സ് ഗൗൺ അണിഞ്ഞെത്തിയ പ്രിയങ്ക ചിരിച്ചുകൊണ്ടാണ് വേദിയിലേക്കെത്തിയത്. റാൽഫ് ആൻഡ് റുസ്സോ എന്ന പ്രശസ‌്ത ഡിസൈനർ വേഷത്തിലാണ് പ്രിയങ്ക ഏവരുടെയും മനം കവർന്നത്. ഐവറി വൈറ്റ് നിറത്തിലുളള ഗൗണിന്റെ പിറകു വശത്തുളള സ്ലിറ്റ് പ്രിയങ്കയുടെ ആകൃതിക്ക് അനുസരിച്ചുളള മനോഹര ലുക്ക് നൽകുന്നു.
33 കോടി(അഞ്ച് ദശലക്ഷം ഡോളർ) വിലവരുന്ന ഡയമണ്ട് കമ്മലാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. ഒഴിഞ്ഞ കഴുത്ത് പ്രിയങ്കയുടെ ഗൗണിന്റെ പ്രൗഡി കൂട്ടി. വെളള നിറത്തിലുളള തടിച്ച ബ്രെയ്‌സ്‌ലെറ്റുകളാണ് ഇരു കൈകളിലും ബോളിവുഡ് റാണി അണിഞ്ഞിരുന്നത്.
മേക്കപ്പും ഹെയർ സ്റ്റൈലും സിംപിൾ ലുക്കിലായിരുന്നു. അതിനു ചേരുന്ന ഇളം പിങ്ക് നിറത്തിലുളള ലിപ്‌സ്റ്റികായിരുന്നു പ്രിയങ്ക ഉപയോഗിച്ചതും.
ഇന്നലെ ഓസ്കറിന് മുന്നോടിയായുളള പാർട്ടിയിൽ പ്രിയങ്കയും ദീപിക പദുകോണും ഒന്നിച്ച് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രവും പ്രിയങ്ക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ദീപിക ഓസ്കർ വേദിയിൽ എത്തിയിട്ടില്ല.
കഴിഞ്ഞ ഓസ്കറിന് പ്രിയങ്ക എത്തിയതും രാജകീയ പ്രൗഡിയിലായിരുന്നു. മത്സ്യകന്യകയുടെ രൂപ സാദൃശ്യമുളള വെളള ഗൗണിൽ പ്രിയങ്ക എത്തിയത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ വർഷം ഓസ്കറിന് എത്താൻ താരം പൊടിച്ചത് 54 കോടി രൂപയാണ്.