നിറം മങ്ങിയതും വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ടുപൊട്ടിയതും തൊലിയടര്‍ന്നതുമായ ചുണ്ടുകൾ മുഖസൗന്ദര്യത്തെയും സാരമായി ബാധിക്കും. കൃത്യമായ പരിചരണത്തിലൂടെ ചുണ്ടുകളുടെ നിറവും ഭംഗിയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. ചർമത്തിൽ മാത്രമല്ല ചുണ്ടുകളിലും കരിവാളിപ്പ് അനുഭവപ്പെടാം. തുടർച്ചയായി ലിപ്സ്റ്റിക്കുകൾ അണിയുന്നതും മറ്റുമായിരിക്കാം ഇതിനുള്ള കാരണം. ഇത്തരം പ്രശ്നങ്ങൾക്കു പ്രതിവിധിയായി ചുണ്ടുകളിൽ മാസ്ക് ഉപയോഗിക്കാവുന്നതാണ്.
വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ലിപ് മാസ്ക് പരിചയപ്പെടുത്തുകയാണ് പ്രമുഖ ബ്യൂട്ടി ബ്ളോഗറായ ഉണ്ണിമായ. മൂന്നു ചേരുവകൾ ഉപയോഗിച്ചാണ് ഉണ്ണിമായ ലിപ് മാസ്ക് തയാറാക്കിയത്. ശർക്കര, തേൻ, മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടുക. എന്നിട്ട് ചുണ്ടുകൾ നല്ലവണ്ണം മസാജ് ചെയ്ത് നൽകാം. ആഴ്ചയിൽ രണ്ടു തവണ ഈ പൊടികൈ ചെയ്യുന്നത് ഗുണം ചെയ്യുമെന്ന് ഉണ്ണിമായ പറയുന്നു.
മാസ്ക് പുരട്ടുന്നതിനു മുൻപ് ചുണ്ടുകൾ വൃത്തിയാക്കാൻ മറക്കരുത്. മാത്രമല്ല എപ്പോഴും ചുണ്ടുകളുടെ ഈർപ്പം നിലനിർത്താനായി ലിപ് ബാം ഉപയോഗിക്കാനും ഉണ്ണിമായ അഭിപ്രായപ്പെടുന്നു. എന്നാൽ നിറങ്ങൾ ചേർത്തുള്ള ലിപ് ബാമുകൾ ഒഴുവാക്കാൻ ശ്രമിക്കുക എന്നും ഉണ്ണിമായ പറയുന്നുണ്ട്. എസ് പി എഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുന്നതും പ്രധാനമാണ്.