“ഒരാൾ എഴുത്തുകാരനാവുന്നത് എഴുതിതുടങ്ങുമ്പോൾ മാത്രമാണ്, കാമറ കൊണ്ട് ചിത്രങ്ങൾ പകർത്തുമ്പോൾ ഒരാൾ ഫൊട്ടോഗ്രഫർ ആകുന്നു. കവിഭാവനയുള്ളയാള്‍ എഴുതുകയും, ചിത്രകാരന്‍ നിറങ്ങൾ കൊണ്ട് ചിത്രം വരയ്‌ക്കുകയും ചെയ്യുന്നു. ഭാവനയും ചിത്രകൗതുകവുമുള്ള ഫൊട്ടോഗ്രഫര്‍ കാമറ കൊണ്ട് ചിത്രങ്ങളിലൂടെ കഥകൾ പറയുന്നു,” ഇത് സാദിഖ് അലിയുടെ വാക്കുകളാണ്. കേരളത്തിലെ അറിയപ്പെടുന്ന വന്യജീവി ഫൊട്ടോഗ്രഫർ.
പശ്ചിമഘട്ടത്തിന്റെ ഇന്നുവരെ കാണാത്ത ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലാണീ യുവ ഫൊട്ടോഗ്രഫർ. കട്ട്സ് ഓഫ് ഗട്ട്സ് എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി പരമ്പരകളായാണ് ഒരുക്കുന്നത്. മലപ്പുറത്തെയും കോഴിക്കോട്ടെയും കുറച്ച് സുഹൃത്തുക്കളുമായി ചേർന്നാണ് ഈ പശ്ചിമഘട്ട സംരംഭം.
കാമറയെന്ന ചങ്ങാതി
കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയതാണ് സാദിഖിന്റെ കാമറ പ്രേമം. മാഗസിനിലും നാഷനൽ ജോഗ്രഫിയിൽ കണ്ടു ശീലിച്ച ചിത്രങ്ങളും ഫൊട്ടോഗ്രഫറാകാനുള്ള സാദിഖിന്റെ ആഗ്രഹത്തെ വളർത്തി. പ്രചോദനമേകാൻ കൂട്ടായി നിലമ്പൂർ കാടുകളുമുണ്ടായിരുന്നു. മകന്റെ ആഗ്രഹം മനസ്സിലാക്കി ഉപ്പയാണ് ആദ്യമായി കാമറ വാങ്ങി കൊടുത്തത്. ഏഴാം ക്ളാസിൽ പഠിക്കുന്പോൾ. അത് ഒരു ഫിലിം ക്യാമറയായിരുന്നെന്ന് സാദിഖ് ഓർക്കുന്നു. വണ്ടുകൾ ഇണ ചേരുന്നതും പുള്ളിമാനും കുരങ്ങന്മാരുമെല്ലാം കുഞ്ഞു സാദിഖിന്റെ കാമറയ്‌ക്ക് വിഷയങ്ങളായി.
വളരുന്നതനുസരിച്ച് കാടിനോടും പടം പിടുത്തതോടുമുള്ള ഇഷ്ടം കൂടി വന്നു. ആ ഇഷ്ടമാണ് സാദിഖിനെ ഇന്ന് അറിയപ്പെടുന്ന വന്യജീവി ഫൊട്ടോഗ്രഫറാക്കുന്നത്.
കാടിന്റെ ലോകം
നിലമ്പൂർ കാടുകൾക്കടുത്ത് ജനിച്ചു വളർന്ന ഈ ഇരിപത്തിനാലുകാരന് ഏറ്റവും പ്രിയം കാടിനോടും പ്രകൃതിയോടുമാണ്. ഗുജറാത്ത്, കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മിക്ക കാടുകളിലും യാത്ര ചെയ്‌തു നിരവധി ചിത്രങ്ങൾ പകർത്തി. നീലഗിരി വനങ്ങളും മുതുമലയും എല്ലാം കാമറക്കണ്ണിന് വിഷയമായിട്ടുണ്ട്. പടം പിടിക്കുന്നതിനോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലും പങ്കാളിയാണ് സാദിഖ്.
എന്തെന്നില്ലാത്ത മാർജാര സ്നേഹം
മാർജാര കുടുംബം സാദിഖിന്റെ വീക്ക്നെസ്സാണ്. ഗീർ വനങ്ങളിലെ സിംഹങ്ങൾ ഈ ചെറുപ്പക്കാരന്റെ കാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ട്. സിംഹങ്ങളുടെയും ചീറ്റകളുടെയും ചിത്രങ്ങളാണ് അധികമെടുക്കാറുള്ളത്.
ഒരു സുഹൃത്ത് വഴിയാണ് സാദിഖിന് ഗീർ വനത്തിൽ ചിത്രമെടുക്കാൻ അവസരം ലഭിക്കുന്നത്. അതിനെക്കുറിച്ചുള്ള സാദിഖിന്റ വാക്കുകൾ- ഏകദേശം ഒരാഴ്‌ചനീണ്ട കാത്തിരിപ്പിനൊടുവിലാണ് സിംഹങ്ങളുടെ ചിത്രമെടുക്കാൻ സാധിച്ചത്. മുൻ കൂട്ടി പ്ലാൻ ചെയ്‌ത് നടപ്പാക്കാവുന്ന ഒന്നല്ല വന്യജീവി ഫൊട്ടോഗ്രഫി. ഒട്ടും പ്രതീക്ഷിക്കാതെയാണ് മിക്ക ചിത്രങ്ങളും എടുക്കുന്നത്.
ആഴ്‌ചകൾ നീണ്ടുനിൽക്കുന്ന കാത്തിരിപ്പും വളരെയധികം ശ്രദ്ധയും വേണ്ട ഒന്നാണ് ഫൊട്ടോഗ്രഫി. പ്രതീക്ഷിക്കുന്ന തരത്തിൽ പലപ്പോഴും പടം കിട്ടണമെന്നില്ല. ദൈവാനുഗ്രഹം കൊണ്ടാണ് ഗീർ വനത്തിലെ സിംഹത്തിന്റെ പടമെടുക്കാൻ സാധിച്ചത്. അതു പോലെയാണ് ബന്ദിപ്പൂരിൽ നിന്ന് പുള്ളിപ്പുലിയുടെ ചിത്രമെടുത്തതും. സഫാരിയ്‌ക്ക് പോകുന്പോഴാണ് 10 മീറ്റർ അകലെ പുലിയെ കണ്ടത്, അപ്രതീക്ഷിതമായി. കൂടെയുണ്ടായിരുന്ന എല്ലാവരും കാമറയെടുത്ത് പടമെടുത്തു തുടങ്ങി. എനിക്ക് വ്യത്യസ്‌തമായി ആ ചിത്രം പകർത്തണമെന്നുണ്ടായിരുന്നു. അതിനാൽ കുറച്ച് ഹൈ ലെവലിൽ കാമറ സെറ്റ് ചെയ്‌ത് ആ ചിത്രമെടുത്തു. ഒരു മൂന്നു നാല് സെക്കൻഡ്സ് മാത്രമേ പുലി മുന്നിലുണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ പുലിയെ കാമറയിൽ പകർത്തി.
ആനയുടെ മുന്നിൽ പെട്ട നിമിഷം
അപകടങ്ങൾ ഏറെയുള്ള മേഖലയാണ് വന്യജീവി ഫൊട്ടോഗ്രഫി. കാര്യമായ അപകടങ്ങളൊന്നും സാദിഖ് അലിയ്‌ക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഒരിക്കൽ വയനാട് പോയപ്പോൾ ഉണ്ടായ അനുഭവം സാദിഖ് അലി ഓർക്കുന്നു. ജാഫറെന്ന സുഹൃത്തുമൊത്താണ് വയനാടൻ ചുരം കയറിയത്. യാത്രയ്‌ക്കിടെ ആനയെ കണ്ടപ്പോൾ അതിന്റെ പടമെടുക്കാനായി ഇറങ്ങി. ആനയുടെ കൂടെ അതിന്റെ കുട്ടിയുമുണ്ടായിരുന്നു. ചിത്രം എടുക്കാനായി കാമറയെടുത്തപ്പോൾ ആന പേടിച്ച്, ഞങ്ങളെ ഓടിച്ചു. ഒരു വിധമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്. പക്ഷേ അത് തികച്ചും ഞങ്ങളുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്. പിന്നീട് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
മൃഗങ്ങൾ പഠിപ്പിച്ച പാഠം
ഒരു മൃഗവും വെറുതെ ആക്രമിക്കില്ല. അവയെ ഉപദ്രവിച്ചാൽ അവ തിരിച്ച് പ്രതികരിക്കും. മൃഗങ്ങളെക്കുറിച്ചാദ്യം മനസ്സിലാക്കുകയാണു വേണ്ടത്.
കാടിന്റെ തുടിപ്പുകൾ
കാടിനെയും കാമറയെയും കുറിച്ച് പ്രതിപാദിക്കുന്ന സാദിഖ് അലിയുടെ പുസ്‌തകമാണ് കാടിന്റെ തുടിപ്പുകൾ. ഇതിന്റെ പണിപ്പുരയിലാണ് ഈ യുവ ഫൊട്ടോഗ്രഫർ.