പ്രതിസന്ധികൾ വരുമ്പോൾ തളരാതെ മുന്നോട്ട് പോവുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. അതിനൊരുദാഹരണമാണ് ജസ്റ്റിൻ ക്ളാർക്കും. വീൽചെയറിലിരുന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ആദ്യ വനിതയാണ് ജസ്റ്റിൻ ക്ളാർക്ക്.
ഓസ്ട്രേലിയക്കാരിയാണ് ജസ്റ്റിൻ ക്ളാർക്ക്. ഫെബ്രുവരി 19 ന് നടന്ന മിസ് വേൾഡ് ഓസ്ട്രേലിയ മത്സരത്തിലാണ് ജസ്റ്റിൻ പങ്കെടുത്തത്. വീൽ ചെയറിലിരുന്നാണ് ജസ്റ്റിൻ റാമ്പിലെ താരമായത്. മത്സരത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ലെങ്കിലും ലോകമെമ്പാടുമുളളവർക്ക് ഒരു പ്രചോദനമാവുകയായിരുന്നു ഈ 26 കാരി. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞ് തളരുന്നവർക്ക് മുന്നിൽ ഒരു പ്രചോദനമാണ് ഈ വനിത.

നിറം, ജാതി, വലിപ്പ ചെറുപ്പങ്ങളെന്ന വേർ തിരിവില്ലാതെ എല്ലാ സ്ത്രീകൾക്കും എത്തിപ്പെടാൻ സാധിക്കുന്നതാക്കി ഇത്തരത്തിലുളള മത്സരങ്ങൾ മാറ്റുകയെന്ന സ്വപ്നത്തോടെയാണ് ഈ വേദിയിലെത്തിയതെന്ന് ജസ്റ്റിൻ ഡെയിലി മെയിൽ ഓസ്ട്രേലിയയോട് പറഞ്ഞു.
“എല്ലാവർക്കും പങ്കെടുക്കാവുന്ന ഒന്നായി ക്യാറ്റ്വാക്കുകൾ മാറണം. ഒരു വീൽചെയർ ഒരിക്കലും എന്നെ നിയന്ത്രിക്കുകയോ നിർവചിക്കുകയോ ചെയ്യരുത്. ഇപ്പോഴും ഞാൻ സുന്ദരിയും ശക്തയുമാണ് “ജസ്റ്റിൻ ക്ളാർക്ക് പറയുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് രോഗം വന്ന് ജസ്റ്റിൻ വീൽചെയറിലായത്. എന്നാൽ അതിനെ പറ്റി കൂടുതൽ പറയാൻ അവർ തയ്യാറാവില്ല. പകരം ക്യാറ്റ് വാക്കിൽ പങ്കെടുത്ത് ലോകത്തുളള എല്ലാവർക്കും ഒരു പ്രചോദനമായി മാറുകയായിരുന്നു.