ഇന്ത്യയിലെ തന്നെ പ്രമുഖരായ കുറ്റവാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് തിഹാർ ജയിൽ. രാഷ്ട്രീയത്തിലും സിനിമയിലും ക്രിക്കറ്റിലും തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള കുറ്റവാളികൾ പാർക്കുന്ന ഇടം. ഇതാ ആ തിഹാർ ജയിലിൽ നിന്നൊരു സന്തോഷ വാർത്ത. അവിടുത്തെ അന്തേവാസികളായ സ്ത്രീകളെ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കാനൊരുങ്ങുകയാണ് ജയിൽ അധികൃതർ. ജയിൽ മോചിതരായ ശേഷം സ്വതന്ത്രമായി ഒരു തൊഴിൽ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാഷൻ ഡിസൈനിങ് പഠിപ്പിക്കാനായി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഒരു ലാബ് ഇതിനോടകം ജയിലിൽ തയ്യാറാക്കി കഴിഞ്ഞു. വസ്ത്രങ്ങൾ രൂപകല്പന ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങൾ ഈ ലാബിലുണ്ട്. തടവുകാർക്കായി സർട്ടിഫിക്കറ്റ് കോഴ്സുകളും അക്കാദമി സംഘടിപ്പിക്കും. എല്ലാ വർഷവും മൂന്ന് കോഴ്സുകളാണ് നടത്തുക. ഓരോ കോഴ്സിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രണ്ട് പേർക്ക് തൊഴിൽ ചെയ്യാനുള്ള സാഹചര്യവും അക്കാദമി ഒരുക്കി കൊടുക്കുന്നുണ്ട്.
തിഹാർ ജയിലും പേൾ അക്കാദമിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ചരിത്രപരമായ ദിവസമാണിതെന്നും ഇതു പോലുള്ള പദ്ധതികൾ ഇനിയുമുണ്ടാവേണ്ടതുണ്ടന്നും ഫാഷൻ ലബോറട്ടറിയുടെ ഉദ്ഘാടന ദിവസം തിഹാർ ജയിൽ ഡയറക്ടർ ജനറൽ സുധിർ യാദവ് പറഞ്ഞു. സർഗാത്മകതയെ കൂടുകൾക്ക് തളച്ചിടാനാവില്ലെന്നത് ഉത്തമ ഉദാഹരണമാണിതെന്നും വളരെ ആകാംഷയോടെയാണ് ഈ പദ്ധതിയെ നോക്കി കാണുന്നതെന്നും പേൾ അക്കാദമിയുടെ സിഇഒ നന്ദിത അബ്രഹാം പറയുന്നു. കഴിഞ്ഞ 23 വർഷമായി ഫാഷൻ ഡിസൈനിങ്ങിലുള്ളവരാണ് പേൾ അക്കാദമി. തിഹാർ ജയിലുമായി ചേർന്ന് അവിടുത്തെ അന്തേവാസികൾക്ക് ഒരു പുതു ജീവിത മാർഗം ഒരുക്കുകയാണെന്നും നന്ദിതയുടെ വാക്കുകൾ.