2012 മാർച്ച് 15. ബിനോജ്- പ്രസന്ന ദന്പതികളുടെ ദുബായിലെ വീട് വലിയൊരാഘോഷത്തിന്റെ തിരക്കിലായിരുന്നു. ഏക മകൾ അപേക്ഷയുടെ ഏഴാം പിറന്നാളായിരുന്നു അന്ന്. പർപ്പിൾ കളർ ഫ്രോക്കണിഞ്ഞാണ് പിറന്നാളുകാരി അതിഥികൾക്കു മുന്നിലേക്കെത്തിയത്. എന്നാൽ ആ കൊച്ചു സുന്ദരിയെ കണ്ടതിനേക്കാൾ അതിഥികളെ ഞെട്ടിച്ചത് വസ്ത്രത്തിന്റെ ഡിസൈനറെക്കുറിച്ചറിഞ്ഞപ്പോഴാണ്. ഏഴു വയസ്സുകാരി അപേക്ഷ തന്നെയായിരുന്നു വസ്ത്രത്തിന്റെ ഡിസൈനർ.
ഇന്ന് വർഷങ്ങൾക്കിപ്പുറം നിൽക്കുന്പോൾ ലോകമറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് അപേക്ഷ. ഇതുവരെ ഡിസൈൻ ചെയതത് 105 ൽ പരം വസ്ത്രങ്ങൾ. നിരവധി ഫാഷൻലീഗുകളിലെ പ്രതിനിധി, ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനറെന്ന അംഗീകാരം, ലോകമറിയപ്പെടുന്ന ഫാഷൻ ഡിസൈനർ.. എന്നിങ്ങനെ ഉയരങ്ങളിൽ എത്തിനിൽക്കുകയാണീ പതിനൊന്നുകാരി.
ആദ്യത്തെ ഡിസൈനിങ് അനുഭവം
ചെറുപ്പം തൊട്ടേ വരയ്ക്കുമായിരുന്നു. പിന്നീടത് വസ്ത്രങ്ങൾക്ക് നിറം പകരുന്നതിലേക്കും അവ രൂപകല്പന ചെയ്യുന്നതിലേക്കും മാറി. അങ്ങനെയാണ് ഏഴാം പിറന്നാൾ ആഘോഷത്തിൽ ധരിക്കേണ്ട വസ്ത്രം എന്തുകൊണ്ട് സ്വയം ചെയ്തു കൂടെന്നു ചിന്തിച്ചത്. വീട്ടിൽ പറഞ്ഞപ്പോൾ അവരും സമ്മതിച്ചു. അങ്ങനെ വസ്ത്രം സ്വയം ഡിസൈൻ ചെയ്തു. എല്ലാവർക്കുമത് ഇഷ്ടമായി. ആ വസ്ത്രം ഇന്നും വളരെ സ്പെഷലാണ്.
ഡിസൈനറായുള്ള യാത്ര
ആദ്യ വസ്ത്രം ഡിസൈൻ ചെയ്തതിനു ശേഷം ഒരാത്മ വിശ്വാസം കിട്ടി. ഡിസൈനിങ് ഗൗരവമായി കണ്ടു തുടങ്ങി. പ്രൊഫഷനലായി പഠിക്കാൻ ആരംഭിച്ചു. ഇതുവരെ 105 ൽ പരം വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. 2013 ൽ ബ്രിട്ടനിലെ ബേബി ഷോപ്പ് നടത്തിയ വസ്ത്ര രൂപകല്പനാ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 2016 ലെ ദുബായ് ഇന്റർനാഷനൽ ഫാഷൻ വീക്കിന്റെയും കേരള ഫാഷൻ ലീഗിന്റെയും ഭാഗമായി. ദുബായിലെ ഫാഷൻ വീക്കിൽ 20 വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. ഒപ്പം എന്റെ ബ്രാൻഡായ അപെകിന്റെ ഫാഷൻ ഷോ ചെയ്തു.
അപെക്
എന്റെ ബ്രാൻഡാണ് അപെക്. അഥവാ അപെക് ഡ്രീംസ് ഓഫ് ഡിസൈൻ. ഞാൻ ചെയ്യുന്ന ഓരോ വസ്ത്രവും എന്റെ സ്വപ്നമാണ്. കഴിഞ്ഞ വർഷമായിരുന്നു അപെക്കിന്റെ ഫാഷൻ ഷോ. അപെകിന് ഫെയ്സ്ബുക്ക്, വെബ്സൈറ്റ് പേജുകളുമുണ്ട്.
ശരിക്കും അപേക്ഷയുടെ കുട്ടി വേർഷനാണ് അപെക്. ബ്രാൻഡിന് എന്ത് പേരിടുമെന്ന് ഒരുപാടാലോചിച്ചു. എന്റെ സുഹൃത്തുക്കളെല്ലാം എന്നെ അപെക് എന്നാണ് വിളിക്കുന്നത്. അതുതന്നെ ബ്രാൻഡിന്റെ പേരാക്കാൻ തീരുമാനിച്ചു.
അംഗീകാരങ്ങൾ
പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറെന്ന അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം, വേൾഡ് റെക്കോർഡ്സ് ഓഫ് ഇന്ത്യ എന്നീ അവാർഡുകൾ കിട്ടിയിട്ടുണ്ട്. അസിസ്റ്റ് വേൾഡ് റെക്കോർസും രാജ്യത്തെ പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറായി തിരഞ്ഞെടുത്തിട്ടുണ്ട്. 2016 ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറെന്ന അംഗീകാരവും കിട്ടി.
പഠനം
ഷാർജ ഇന്ത്യൻ എക്സലന്റ് പ്രൈവറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. കൂടാതെ ഫാഷൻ ഡിസൈനിങ്ങും പഠിക്കുന്നുണ്ട്. ശനിയാഴ്ചകളിലാണ് ഫാഷൻ ക്ലാസ്. എന്റെ താൽപര്യം മനസ്സിലാക്കിയ അച്ഛനമ്മമാർ മിർന എലേജ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്നെ ചേർത്തു. പ്ളസ് ടുവാണ് ഇൻസ്റ്റ്യൂട്ടിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത. പക്ഷേ എന്റെ താൽപര്യം കണ്ടവർ എനിക്ക് അഡ്മിഷൻ തന്നു. ഇപ്പോൾ രണ്ട് ലെവൽ പൂർത്തിയായി. മൂന്നാമത്തെ ലെവലിൽ ഡിസൈനിങ്ങ് ഒന്നൂകൂടി ആഴത്തിൽ പഠിക്കാൻ പോകുന്നു.
സിഗ്നേച്ചർ സ്റ്റൈൽ
എല്ലാ തരം ഡിസൈനും ചെയ്യാറുണ്ട്. എങ്കിലും പാർട്ടി വെയറും കാഷ്യൽ വെയറുമാണ് അധികവും ചെയ്യാറ്.
റോൾ മോഡലുകൾ
കൊക്കോ ഷാനെലാണ് റോൾ മോഡൽ. പൂർണിമ ഇന്ദ്രജിത്തിനെയും ഇഷ്ടമാണ്.
മലയാളി വേരുകൾ
ജീവിക്കുന്നത് യുഎഇയിലാണെങ്കിലും ഞാനൊരു മലയാളിയാണ്. ഗുരുവായൂരാണ് സ്വദേശം. സമയം കിട്ടുന്പോൾ നാട്ടിൽ വരാറുണ്ട്. അവസാനമായി വന്നത് കേരള ഫാഷൻ ലീഗിനാണ്. ഗുരുവായൂർ മുക്കടക്കാട്ടിൽ ബിനോജാണ് അച്ഛൻ. അമ്മ പ്രസന്ന.
ലോകമറിയപ്പെടുന്ന ഈ കൊച്ചു ഫാഷൻ ഡിസൈനർക്ക് സ്വപ്നങ്ങൾ അനവധിയാണ്. ഫാഷൻ ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന നഗരമാണ് ഫ്രാൻസ്. പ്ളസ് ടു പഠനത്തിനുശേഷം അവിടെ പോയി ഫാഷനിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ഡോക്ടറേറ്റും എടുക്കണമെന്നാണ് ഈ കുട്ടി ഡിസൈനറുടെ ഒരു സ്വപ്നം.