ഉറക്കവും ദേഷ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂർ നേരം ഉറക്കം നഷ്ടപ്പെടുന്നത് പോലും ദേഷ്യത്തിന് കാരണമാകും, പ്രത്യേകിച്ച് മാനസിക സമ്മർദം നേരിടുന്ന അവസ്ഥകളിൽ.

ഉറക്കവും ദേഷ്യവും തമ്മിലുള്ള ബന്ധം കണ്ടെത്തിയെന്നും എന്നാൽ ദേഷ്യം ഉറക്കക്കുറവിന് കാരണമാകുന്നുണ്ടോ എന്നത് കണ്ടെത്താനായിട്ടില്ലെന്നും ലോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോഫസ്സർ സ്ലാട്ടൻ ക്രിസൺ പറഞ്ഞു. ജേണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ക്ഷീണം അനുഭവപ്പെടുമ്പോൾ മനുഷ്യരുടെ പ്രതികരണങ്ങളെക്കുറിച്ചാണ് ഗവേഷണം നടത്തിയത്.

ഉറക്കത്തിന് തടസ്സമാകുന്ന തരത്തിലെ വസ്ത്രധാരണം, ശബ്ദം എന്നിവ മൂലം ഉറക്കം നഷ്ടപ്പെടുന്നവരിൽ ദേഷ്യം, മാനസികസമ്മർദം എന്നിവ കൂടുതലായി കാണാനായെന്നാണ് സ്ലാട്ടൻ ക്രിസൺ പറഞ്ഞത്.

പഠനത്തിൽ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളിലായി തരിച്ചതിന് ശേഷം ഒരു കൂട്ടരെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കുകയും മറ്റുള്ളവരുടെ ഉറക്കം രണ്ട് മുതൽ നാലു മണിക്കൂറാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ആദ്യത്തെ വിഭാഗം ഏഴ് മണിക്കുറോളം സ്വസ്ഥമായി ഉറങ്ങി. രണ്ടാമത്തെ വിഭാഗം ശരാശരി നാലര മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. രണ്ട് കൂട്ടരെയും ഉറങ്ങുന്നതിന് മുമ്പും ശേഷവും ചില ശബ്ദങ്ങൾ കേൾപ്പിച്ച ശേഷം പ്രതികരണങ്ങൾ രേഖപ്പെടുത്തിയാണ് ഉറക്കവും ദേഷ്യവും തമ്മിലുള്ള ബന്ധം വിലയിരുത്തിയത്.

ഉറക്കം കുറയുന്നത് മാനസികനിലയെ സാരമായി ബാധിക്കും. ദേഷ്യം, സങ്കടം, ഉൽകണ്ഠ എന്നിവ വർദ്ധിപ്പിക്കുമെന്നാണ് ക്രിസൺ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ