കൃത്യമായ സമയങ്ങളില്‍ കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് കൃത്യമായ സമയം കിടന്ന് ഉറങ്ങേണ്ടതും. രാത്രികളില്‍ ഉറക്കമില്ലാത്തവരുടെ എണ്ണം കൂടിവരികയാണ്. ജോലിയുടെ സ്വഭാവം കൊണ്ടോ, മറ്റെന്തുകൊണ്ടോ ആകാമത്. എന്നാല്‍ രാത്രിയില്‍ ആറ് മണിക്കൂറിന് താഴെയാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് പറയുന്നത്.

ഏഴു രാത്രികള്‍ സമയമെടുത്താണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 3,974 സ്ത്രീ പുരുഷന്മാരുടെ ഇടുപ്പില്‍ ആക്‌സിലറോമീറ്റര്‍ ഘടിപ്പിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഏഴുരാത്രികളായി ഇവര്‍ എത്ര സമയം ഉറങ്ങുന്നുണ്ടെന്നും അത് ആഴത്തിലുള്ളതാണോ, ഇടയ്ക്ക് എഴുന്നേല്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളുമെല്ലാം നിരീക്ഷിച്ചാണ് ഫലത്തില്‍ എത്തിയത്.

ഈ സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ത്രീ ഡയമെന്‍ഷണല്‍ അള്‍ട്രാ സൗണ്ടിന് വിധേയരാക്കി. ഇവരുടെ ധമനികളിലൂടെയുള്ള രക്ത പ്രവാഹവും മറ്റ് ശാരീരിക അവസ്ഥകളും മനസ്സിലാക്കാനുള്ള പരിശോധനകളായിരുന്നു നടത്തിയത്. പ്രമേഹം, പുകവലി, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്തു. ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത 27 ശതമാനം കൂടുതല്‍ ആണ്. ഇടവിട്ടോ, ചഞ്ചലമായോ ഉറക്കം ലഭിക്കുന്നവരിലും അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ആരോഗ്യമുള്ള യുവാക്കളില്‍ ആരംഭത്തില്‍ തന്നെ അസുഖം കണ്ടുപിടിക്കാന്‍ സാധിക്കുന്നുവെന്ന് സഹ ഗവേഷകനും മൗണ്ട് സിനൈ ഹാര്‍ട്ട് സെന്ററിന്റെ ഡയറക്ടറുമായ ഡോ.വാലന്റൈന്‍ ഫസ്റ്റര്‍ പറയുന്നു. ‘മുമ്പ് പോസ്റ്റ്‌മോര്‍ട്ടം സമയത്ത് മാത്രം കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്ന കാര്യങ്ങളായിരുന്നു ഇതെല്ലാം. ഇതൊരു അലാറം സിസ്റ്റമാണ്. അത് നിങ്ങളോട് പറയുന്നു, നിങ്ങളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ടെന്ന്.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook