Kathak and Tabla maestro Lachhu Maharaj: തബല വിദ്വാനും പ്രശസ്ത കഥക് നർത്തകനുമായ പണ്‌ഠിറ്റ് ലച്ചു മഹാരാജിന്റെ എഴുപത്തിനാലാം പിറന്നാളിന് ആദരമൊരുക്കി ഗൂഗിൾ ഡൂഡിൽ. 1994 ഒക്ടോബർ 16-ന് ജനിച്ച ലച്ചു മഹാരാജിന്റെ യഥാർത്ഥ പേര് ലക്ഷ്മി നാരായൺ സിങ് എന്നാണ്.​ രാജ്യാന്തര തലത്തിൽ പ്രശസ്തനായ ലച്ചു മഹാരാജ്, നിരവധി ബോളിവുഡ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. എട്ടാം വയസ്സ് മുതൽ പിതാവ് വസുദേവ് മഹാരാജിന് കീഴിൽ തബല അഭ്യസിച്ചാണ് ലച്ചു മഹാരാജ് സംഗീത രംഗത്തേക്ക് കടക്കുന്നത്.

മുംബൈയിൽ സംഗീതം അവതരിപ്പിക്കുന്നതിനിടെ പ്രശസ്ത തബല വിദ്വാൻ അഹമ്മദ് ജാൻ തിരാക്വായുടെ ശ്രദ്ധപിടിച്ചുപറ്റിയതും ലച്ചു മഹാരാജിന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായി. “ലച്ചു എന്റെ മകനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് ലച്ചു മഹാരാജിനെക്കുറിച്ച് അഹമ്മദ് ജാൻ തിരാക്വാ അഭിപ്രായപ്പെട്ടത്.

നിരവധി പ്രശസ്തരോടൊപ്പം തബല വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സോളോ പെർഫോമെൻസിനാണ് ആരാധകരുള്ളത്. തുമ്രി ഗായിക ഗിരിജ ദേവിയുമൊത്ത് നിരവധി വേദികളിൽ പങ്കെടുത്തിട്ടുണ്ട്. നിർത്താതെ തബല വായിച്ച് ആസ്വാദകരെ അമ്പരിപ്പിക്കുക എന്നതായിരുന്നു ലച്ചു മഹാരാജിന്റെ ശൈലി. ലച്ചു മഹാരാജിനെ പോലെയുള്ള പ്രതിഭകൾ അപൂർവമായേ ജന്മമെടുക്കൂ എന്നാണ് ഗിരിജ ദേവി അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

അടിയന്തരാവസ്ഥ കാലത്ത് തടവറയ്ക്കുള്ളിൽ തബല വായിച്ച് പ്രതിഷേധം പ്രകടിപ്പിച്ച അദ്ദേഹം പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നിരസിച്ചു. ആരാധകർ നൽകുന്ന നിറഞ്ഞ കൈയ്യടികളാണ് കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

2016 ജൂലൈ 28-ന് ഹൃദയാഘാതം മൂലം ലച്ചു മഹാരാജ് നിര്യാതനായി. ഫ്രഞ്ച് സ്വദേശി ടീനയാണ് ഭാര്യ. ലച്ചു മഹാരാജിന്റെ അനന്തരവനാണ് ബോളിവുഡ് താരം ഗോവിന്ദ. ലച്ചു മഹാരാജിന് കീഴിൽ ഗോവിന്ദ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook