എല്ലായിടത്തും ദുൽഖർ സൽമാന്റെ പുതിയ ചിത്രം ‘കുറുപ്പ്’ ആണ് സംസാരവിഷയം. ലോക്ക്ഡൗണിനു ശേഷം തുറന്ന തിയേറ്ററുകളെ വീണ്ടും സജീവമാക്കി കൊണ്ട് എത്തിയ ‘കുറുപ്പ്’ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ തെളിഞ്ഞിരുന്നു. ഇപ്പോഴിതാ, കുറുപ്പിന്റെ ചിത്രം ഒരു കേക്കിലും പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊച്ചിയിലെ ഒരു കേക്ക് ആർട്ടിസ്റ്റ്. ‘കുറുപ്പ്’ കേക്കിനൊപ്പം നിൽക്കുന്ന ദുൽഖർ സൽമാന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. കേക്ക് ആർട്ടിസ്റ്റായ ഷസ്നീൻ അലിയാണ് ഈ ‘കുറുപ്പ്’ കേക്ക് ഡിസൈൻ ചെയ്തത്.
‘കുറുപ്പി’ന്റെ പ്രമോഷനും പ്രീമിയറുമൊക്കെയായി ബന്ധപ്പെട്ട് ദുബായിൽ ആയിരുന്നു ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയവും കഴിഞ്ഞ ദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. കൊച്ചി എയർപോർട്ടിലെത്തിയ ദുൽഖറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസം, കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞപ്പോൾ അതിനു സാക്ഷ്യമാവാനും ദുൽഖറിനെൊപ്പം കുഞ്ഞു മറിയവും അമാലും ഉണ്ടായിരുന്നു.
ബുർജ് ഖലീഫയിൽ സിനിമയുടെ ട്രെയിലർ തെളിഞ്ഞത് അഭിമാന നിമിഷമാണെന്ന് ദുൽഖർ പറഞ്ഞു. താനോ അണിയറ പ്രവർത്തകരോ ഇത് പ്രതീക്ഷിച്ചിരുന്നതല്ല. ഒരിക്കലും സാധ്യമാകുന്ന ഒന്നാണിതെന്ന് കരുതിയിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു.
ഒരു മിനിറ്റ് നാലു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖറിനൊപ്പം സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും മനോഹര ദൃശ്യം കാണാൻ എത്തിയിരുന്നു.