ബോളിവുഡിലെ മികച്ച നടിമാരിലൊരാളായ കൃതി സനോൺ ചർമ്മ സംരക്ഷണത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. അൾട്രാവയലറ്റ് രശ്മികളിൽനിന്നും ചർമ്മത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഉറങ്ങാൻ പോകുന്നതിനു മുൻപായി ചർമ്മത്തിൽനിന്നും എല്ലാ അഴുക്കുകളും സൺസ്ക്രീൻ, മേക്കപ്പ് അടക്കമുള്ളവ നീക്കം ചെയ്യണമെന്നും മുൻപ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു നൽകിയ അഭിമുഖത്തിൽ കൃതി പറഞ്ഞിരുന്നു.
ജീവിതത്തിൽ താനേറെ വൈകി അറിഞ്ഞൊരു ചർമ്മ സംരക്ഷണ ടിപ്സ് ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് താരം. ചർമ്മ സംരക്ഷണം എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം ചിന്ത മുഖം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. എന്നാൽ കഴുത്തിന്റെ കാര്യം നമ്മളെല്ലാം മറന്നുപോകുന്നുവെന്ന് തന്റെ യൂട്യൂബ് ചാനലിൽ കൃതി പറയുന്നു.
ഞങ്ങളുടെ തലമുറയ്ക്ക് ‘ടെക് ലൈനുകൾ’ എന്നൊന്നുണ്ടെന്ന് അവർ പറഞ്ഞു. “കഴുത്തിലെ വരകളാണ്, കാരണം ഞങ്ങൾ എപ്പോഴും ഫോണുകളിലോ ഐപാഡുകളിലോ സമയം ചെലവിടുന്നതിനാൽ കഴുത്ത് എല്ലായ്പ്പോഴും താഴേക്ക് ആയിരിക്കും,” കൃതി പറഞ്ഞു. അതിനാൽ കഴുത്ത് മോയിസ്ച്യുറൈസ് ചെയ്യേണ്ടതും ജലാംശം നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്. ”നിങ്ങൾ മുഖത്ത് ഇടുന്നതെന്തും കഴുത്തിലും പ്രയോഗിക്കാൻ മറക്കരുത്. ഇല്ലെങ്കിൽ നിങ്ങൾക്കും ടെക് ലൈനുകൾ ലഭിച്ചേക്കാം.” കൃതി വ്യക്തമാക്കി.
കഴുത്തിലെ വരകൾ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ച് ന്യൂഡൽഹിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലെ ഡോ.ചാന്ദ്‌നി ജെയിൻ ഗുപ്ത പറഞ്ഞിട്ടുണ്ട്.
ചർമ്മത്തെ ജലാംശമുള്ളതാക്കുക: ആരോഗ്യമുള്ളതും തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിനു വേണ്ട ആദ്യപടി ചർമ്മത്തെ ജലാംശം നിലനിർത്തുക എന്നതാണ്. ശരിയായ ജലാംശമുള്ള ചർമ്മം മുഖത്തും കഴുത്തിലും ചുളിവുകൾ ഉണ്ടാകുന്നത് തടയും.
സൺസ്‌ക്രീൻ ഉപയോഗിക്കുക: ചർമ്മത്തിന്റെ വരൾച്ച, ചുളിവുകൾ, വാർധക്യം എന്നിവയ്‌ക്ക് കാരണമാകുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ നല്ല സൺസ്‌ക്രീൻ സഹായിക്കും.
സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക: മൊബൈൽ സ്‌ക്രീനിലോ ടിവി കാണുന്നതിനോ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നത് ടെക് നെക്ക്‌ലൈനുകൾ തടയാൻ ഗണ്യമായി സഹായിക്കും.