ന്യൂഡല്‍ഹി. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഇത്തവണ ലണ്ടണില്‍ ഓണം ആഘോഷിക്കാന്‍ മോഹം. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയ്ക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പം ഓണസദ്യ ഉണ്ണാമെന്ന തീരുമാനത്തില്‍ ചെന്നെത്തിയത് ലീഡ്സിലെ മലയാളി ഉടമസ്ഥതയിലുള്ള ‘തറവാട്’ റസ്റ്ററന്റിലും. വാഴയിലയില്‍ തനത് വിഭവങ്ങള്‍ എല്ലാം കൂട്ടിയായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഓണസദ്യ.
“ഇവിടുത്തെ ഭക്ഷണം എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. സ്നേഹത്തോടെയും കരുതലോടെയുമാണ് ഭക്ഷണം വിളമ്പുന്നത്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. സ്നേഹത്തോടെ, അനുഷ്കയും വിരാടും,” ഇരുവരും ചേര്‍ന്ന് തറവാട് റസ്റ്ററന്റിന് നല്കിയ കുറിപ്പിലെ വാക്കുകളാണിത്.
തറവാട് റസ്റ്ററന്റിൽ വിരാടും അനുഷ്കയും ആദ്യമായല്ല എത്തുന്നത്. 2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയത്തും ഇരുവരും ഇവിടെ എത്തിയിട്ടുണ്ട്. എന്നാല്‍ 2019 ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്ത് ദമ്പതികള്‍ ഹോട്ടലില്‍ എത്തിയത് അപ്രതീക്ഷിതമായിരുന്നെന്ന് തറവാടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.

ക്രിക്കറ്റ് താരങ്ങളും അനുഷ്കയും അപ്രതീക്ഷിതമായി എത്തിയതിന്റെ രസകരമായ അനുഭവങ്ങളും റസ്റ്ററന്റ് പങ്കുവെച്ചിട്ടുണ്ട്. “റസ്റ്ററന്റിൽ വരുന്ന ഭക്ഷണ പ്രേമികൾക്ക് പ്രത്യേക സത്കാരം നല്‍കാറുണ്ട്. പ്രത്യേക ചേരുവകൾ ചേര്‍ത്ത് രാജേഷും അജിത്തും സാധാരണ മസാല ദോശ തയാറാക്കി നല്‍കും. മുന്‍പ് ദോശ രുചിച്ചിട്ടുള്ള കോഹ്ലി, ഇന്ത്യ-ശ്രീലങ്ക മത്സരത്തിന്റെ ഭാഗമായി ലീഡ്സിലെത്തിയപ്പോഴാണ് റസ്റ്ററന്റില്‍ വന്നത്,” മത്സരത്തിന് മുന്നോടിയായി ഭക്ഷണത്തിന് കര്‍ശന നിയന്ത്രണമുണ്ടായിട്ടും കോഹ്ലി ആസ്വദിച്ച് കഴിച്ചതിനെപ്പറ്റിയും തറവാടിന് പിന്നിലുള്ളവര്‍ ഓര്‍ത്തെടുത്തു.

ലോകകപ്പ് നടന്ന സമയത്ത് കളിക്കാര്‍ക്ക് പ്രത്യേക ഭക്ഷണമായിരുന്നു വിളമ്പിയിരുന്നത്. എന്നാല്‍ ഇത്തവണ കോഹ്ലിയും കൂട്ടരുമെത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഓണസദ്യ, മസാല ദോശ, അപ്പവും മുട്ട റോസ്റ്റുമെല്ലാം കോഹ്ലിയും അനുഷ്കയും കഴിച്ചതായി റസ്റ്ററന്റ് ഉടമകള്‍ പറയുന്നു.
Also Read: ഇംഗ്ലണ്ട് ആരാധകരുടെ ഇഷ്ടക്കുറവ് കോഹ്ലിക്കൊരു വിഷയമല്ല: നാസര്‍ ഹുസൈന്