ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം, അങ്ങനെയുള്ള ചർമ്മത്തെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശരിയായ തരത്തിലുള്ള ചേരുവകൾ നൽകുന്നത് മുതൽ ശരിയായ ഭക്ഷണം കഴിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ചർമ്മത്തെ പരിപാലിക്കുകയും ശരിയായ പോഷണം നൽകുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ശരീരത്തിന് അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് വിറ്റാമിനുകൾ. ശരിയായ ഭക്ഷണത്തിലൂടെ അവശ്യ വിറ്റാമിനുകൾ ശരീരത്തിലേക്കെത്തുന്നു. ചർമ്മ സംരക്ഷണത്തിന് വേണ്ടുന്ന വിറ്റാമിനുകൾക്കായി ശരിയായ ഭക്ഷണം കഴിക്കുന്നതോടൊപ്പം അവശ്യ വിറ്റാമിനുകൾ അടങ്ങിയ ഗുളികകളോ ചർമ്മ സംരക്ഷണ ഉത്പന്നങ്ങളോ ഉപയോഗിക്കാവുന്നതാണ്.
സെറം അല്ലെങ്കിൽ മോയ്സ്ച്യുറൈസറുകൾ അല്ലെങ്കിൽ വിറ്റാമിനുകൾ അടങ്ങിയ മറ്റേതെങ്കിലും ഉൽപ്പന്നം തിരഞ്ഞെടുക്കാം. ചർമ്മത്തിന് അത്യന്താപേക്ഷിതമായ ചില വിറ്റാമിനുകൾ എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് അറിയാം.
വിറ്റാമിൻ സി: ചർമ്മ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പ്രധാനമായ ചേരുവയാണ് വിറ്റാമിൻ സി. ഈ വിറ്റാമിനുകളിൽ അടങ്ങിയ ആന്റി ഓക്സിഡന്റ് പദാർത്ഥങ്ങൾ ശരീരത്തിലെ കൊളാജൻ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുകയും ചർമ്മത്തെ ആരോഗ്യപരമായി നിലനിർത്താനും സഹായിക്കുന്നു. കൂടാതെ, അവ കറുത്ത പാടുകളും കരുവാളിപ്പും ഇല്ലാതാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ഇ: ചർമ്മസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന മറ്റൊരു വിറ്റാമിനാണ് ഇ. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും വരണ്ട ചർമവും കറുത്ത പാടുകളും ചുളിവുകളുമൊക്കെ ഇല്ലാതാക്കാനും സഹായിക്കുന്നു. വിവിധയിനം ചർമ്മ സംരക്ഷണ ഉത്പ്പന്നങ്ങളിൽ സുലഭമായി കണ്ടുവരുന്നൊരു ചേരുവയാണ് വിറ്റാമിന് ഇ.
വിറ്റാമിൻ ഡി: ഈ വിറ്റാമിൻ സൂര്യ പ്രകാശം വഴിയാണ് ശരീരത്തിലേക്ക് എത്തുക. അവ കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും ത്വക്ക് രോഗമായ സോറിയാസിസ് ഭേദമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ കെ: ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ കെ മുറിവുകൾ ഉണങ്ങാനും രക്തം കട്ട പിടിക്കാനും സഹായിക്കുന്നു. മുറിവ് കൊണ്ടുള്ള പാടുകളും കറുത്ത പാടുകളും മറ്റു ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമേകുന്നവയാണ് വിറ്റാമിൻ കെ.