മോസ്കോ: ലോകത്തിലാകമാനം കുട്ടികൾ മുൻകാലങ്ങളിലേക്കാൾ കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കി പഠനം. ഇന്റർനെറ്റിൽ മയക്കുമരുന്നിനും മദ്യത്തിനുമാണ് കുട്ടികൾ തിരയുന്നതെന്ന് വ്യക്തമാക്കിയുള്ള പഠന റിപ്പോർട്ട് ഈ കാര്യം വ്യക്തമാക്കുന്നത്.

മുൻവർഷങ്ങളിൽ ലൈംഗിക വീഡിയോകൾ അധികമായി തിരഞ്ഞ ഇടത്ത് കുട്ടികൾ മയക്കുമരുന്നുകളെ കുറിച്ച് അറിവുനൽകുന്ന വെബ്സൈറ്റുകളാണ് തിരയുന്നതെന്ന് പഠനം പറയുന്നു.മോസ്കോ ആസ്ഥാനമായി സൈബർ സുരക്ഷ രംഗത്ത് പ്രവർത്തിക്കുന്ന കാസ്പെർസ്കിയാണ് ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

2015-16 വർഷത്തെ അപേക്ഷിച്ച് കുട്ടികൾ സോഷ്യൽ മീഡിയയും മെസഞ്ചറും ഇമെയിലും ഉപയോഗിക്കുന്നതിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. മുൻ വർഷം 67ശതമാനം പേർ ഉപയോഗിച്ച സങ്കേതങ്ങൾ ഇത്തവണ 61 ശതമാനമായി ചുരുങ്ങി.

ഗെയിമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 11 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞ സമയത്ത് തന്നെ അശ്ലീല സൈറ്റുകളിൽ കയറുന്നവരുടെ എണ്ണം 1.5 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായും കുറഞ്ഞു.

ഈ കുറവുകളിൽ ആശ്വാസം കണ്ടെത്തുമ്പോൾ തന്നെയാണ് പുകയില, മയക്കുമരുന്ന്, മദ്യം തുടങ്ങിയ ഉള്ളടക്കമുള്ള വെബ്സൈറ്റുകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം 14 ശതമാനമായി ഉയർന്നത്. ഇത് വെറും 9 ശതമാനമായിരുന്നു മുൻപ്.

മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാത്ത വെബ്സൈറ്റുകൾ കാണാനും വലിയ സ്ക്രീനിൽ കാണേണ്ട ഉള്ളടക്കത്തിനും വേണ്ടി മാത്രമാണ് കുട്ടികൾ കൂടുതലായും കംപ്യൂട്ടർ ഉപയോഗിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. കാസ്പെർസ്കി ലാബിൽ ഇന്റർനെറ്റ് ഉള്ളടക്കം അവവലോകന വിദഗദ്ധയായ അന്ന ലർക്കിനയാണ് ഇക്കാര്യം വിശദീകരിച്ചത്.

കുട്ടികൾ കംപ്യൂട്ടർ ഗെയിമുകൾക്കായുള്ള ചില വെബ്സൈറ്റുകളിൽ മാത്രം കൂടുതൽ സമയം ചിലവഴിക്കുന്നത് കൊണ്ടാണ് ഗെയിം ഉപയോഗത്തിൽ കുറവ് കാണിക്കുന്നതെന്ന് അന്ന വ്യക്തമാക്കി.

അറബ് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായി ആശയവിനിമയത്തിനുള്ള സൈറ്റുകൾ ഉപയോഗിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. 89 ശതമാനം പേർ ഇതിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട് ഇവിടെ. അതേസമയം വടക്കൻ അമേരിക്കയിൽ വെറും 29 ശതമാനം പേർ മാത്രമേ ഇതിനായി കംപ്യൂട്ടർ ഉപയോഗിക്കുന്നുള്ളൂ.

വടക്കേ അമേരിക്കയിൽ 32 ശതമാനം പേരും ഓസ്ട്രേലിയയിൽ 30 ശതമാനം പേരും വടക്കൻ യൂറോപ്പിൽ 26 ശതമാനം പേരും വൻതോതിൽ മയക്കുമരുന്ന്-പുകയില-മദ്യം എന്നിവയ്ക്കായി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook