സെലബ്രിറ്റി വിവാഹാഘോഷങ്ങളിലെ ഇപ്പോഴത്തെ താരം ആരെന്നു ചോദിച്ചാൽ എമറാൾഡ് എന്നു പറയേണ്ടി വരും. മുൻപത്തേക്കാൾ എമറാൾഡ് ആഭരണങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നടി നയൻതാരയുടെ വെഡ്ഡിംഗ് ജ്വല്ലറിയിലും തിളങ്ങി നിന്നത് എമറാൾഡ് ആയിരുന്നു.
നടി കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള വിവാഹാഘോഷത്തിലും എമറാൾഡ് തന്നെയായിരുന്നു ആഭരണപ്രേമികളുടെ ശ്രദ്ധ കവർന്നത്. ഫെബ്രുവരി ഏഴിന് ജയ്സാൽമീറിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഞായറാഴ്ച മുംബൈയിൽ വച്ച് താരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ഇരു ചടങ്ങുകളിലും എമറാൾഡും വജ്രവും ചേർന്ന ആഭരണങ്ങളാണ് കിയാര അണിഞ്ഞത്.


വിവാഹത്തിന് ഡയമണ്ടും സാംബിയൻ എമറാൾഡും (മരതകം) കൊണ്ട് അലങ്കരിച്ച സ്റ്റേറ്റ്‌മെന്റ് നെക്ലേസായിരുന്നു കിയാര അണിഞ്ഞത്. അപൂർവമായ സാംബിയൻ മരതകങ്ങളും അൾട്രാ ഫൈൻ ഹാൻഡ്‌കട്ട് വജ്രങ്ങളുമാണ് ഈ ജ്വല്ലറി സെറ്റിനു മനോഹാരിത നൽകുന്നത്. വിവാഹ റിസപ്ഷനും മരതകം കൊണ്ടുള്ള ആഭരണങ്ങളാണ് കിയാര അണിഞ്ഞത്. മനീഷ് മൽഹോത്രയുടെ ബെസ്പോക്ക് ഡയമണ്ട് ആഭരണ കളക്ഷനിൽ നിന്നുള്ളതാണ് കിയാരയുടെ ആഭരണങ്ങൾ. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം എന്നാണ് സാംബിയൻ മരതകം വിശേഷിപ്പിക്കപ്പെടുന്നത്.

എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന യൂണീക് ആഭരണങ്ങളായിരുന്നു നടി നയൻതാരയും തന്റെ വിവാഹനാളിൽ അണിഞ്ഞത്. “നയൻതാര അണിഞ്ഞ നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ നിന്നുമാണ്. നയൻതാര ധരിച്ച വലിയ ചോക്കർ സാംബിയൻ എമറാൾഡ് കൊണ്ടുള്ളതാണ്. 70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതൽ രത്നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയൻ എമറാൾഡുകൾ മാറി. നയൻതാര ധരിച്ച പോൾക മാലയിലും എമറാൾഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്,” നയൻതാരയുടെ വിവാഹാഭരണങ്ങളുടെ പ്രത്യേകതകളെ കുറിച്ച് സ്റ്റെലിഷ് ശ്രേഷ്ഠ അയ്യർ പറഞ്ഞതിങ്ങനെ.

നയൻതാര അണിഞ്ഞ മൾട്ടി ലെയർ നെക്ലേസും പേൾ, എമറാൾഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് ‘സത്‌ലാദ ഹാർ’ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണൽ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തിൽ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാൻഡായ ഗോയെങ്ക ഇന്ത്യയിൽ നിന്നുമാണ് നയൻതാര ആഭരണങ്ങൾ പർച്ചെയ്സ് ചെയ്തത്.