വ്യായാമം ചെയ്തു, 21 കിലോയോളം ശരീരഭാരം കുറച്ചു, ‘ഫിറ്റ്’ ആയി, ഇനി കുറച്ചു റസ്റ്റ് ആവാം. അല്ലേ? അതാണ് മനോഭാവമെങ്കിൽ സംഗതി തെറ്റാണ്. പറയുന്നത് മറ്റാരുമല്ല, തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദറാണ്.
“ലക്ഷ്യത്തിലെത്തിയെന്നതിന്റെ അർത്ഥം, ഇനി പരിശ്രമങ്ങളെല്ലാം നിർത്താമെന്നല്ല. 21 കിലോ കുറഞ്ഞു എന്നതിനർത്ഥം അത് വീണ്ടും കൂടാതിരിക്കാൻ അധികപരിശ്രമം ചെയ്തു തുടങ്ങുകയെന്നാണ്. എനിക്കു സാധ്യമായ സമയത്ത് ഞാൻ നടന്നു വ്യായാമം ചെയ്യുന്നു. നിങ്ങൾക്കും സാധ്യമായ സമയത്തൊക്കെ വ്യായാമം ചെയ്യുക. എന്നാൽ അമിതമായി ചെയ്യാതിരിക്കുക,” രാത്രിയിൽ നടക്കാനിറങ്ങിയതിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഖുശ്ബു തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നടത്തതിന്റെ ആരോഗ്യഗുണങ്ങൾ
വേഗത്തിൽ നടക്കുമ്പോൾ വിയർക്കുന്നത് വഴി ശരീരത്തിലെ അധിക കലോറികൾ നീക്കം ചെയ്ത് ഭാരം കുറയ്ക്കുന്നതിൽ സഹായിക്കുമെന്ന് നമുക്ക് അറിവുള്ളതാണ്. എന്നാൽ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംബന്ധിച്ചിടത്തോളവും ഇതൊരു മികച്ച വ്യായാമരീതിയാണ്. കൂടാതെ, ഖുശ്ബുവിനെപ്പോലെ, നിങ്ങൾക്ക് ദിവസത്തിൽ ഏത് സമയത്തും ഇത് ചെയ്യാൻ കഴിയും. അതായത്, നിയുക്തമായ ഒരു ‘വർക്കൗട്ട് സമയം’ ഇതിനാവശ്യമില്ല. നടത്തത്തിന്റ വേഗത കൂട്ടുന്നതിനോടൊപ്പം നമ്മുടെ ഹൃദയത്തെയും ശ്വാസകോശത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് നാം ചെയ്യുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, മിതമായ തീവ്രതയുള്ള വ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയമിടിപ്പ്, പരമാവധി ഹൃദയമിടിപ്പിന്റെ ഏകദേശം 50 മുതൽ 70 ശതമാനം വരെയാകും, വ്യായാമം ഊർജ്ജസ്വലമെങ്കിൽ ഇത് നിങ്ങളുടെ പരമാവധി ഹൃദയമിടിപ്പിന്റെ 70 മുതൽ 85 ശതമാനം വരെയുമാകും.
മറ്റ് വ്യായാമങ്ങളോടൊപ്പം ആഴ്‌ചയിൽ അഞ്ച് ദിവസമെങ്കിലും വേഗത്തിൽ നടക്കുന്നത് ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ നടത്തം നിങ്ങളെ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
സ്ഥിരമായ ഒരു ഭക്ഷണക്രമം
മൂന്നു നേരവും ഒരു കൃത്യമായ സമയത്ത് മാത്രം ഭക്ഷണം കഴിയ്ക്കുക. ഓരോ നേരവും എന്താണ് കഴിക്കേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിക്കുക. അനാവശ്യമായ, അനാരോഗ്യകരമായ ഭക്ഷണ രീതികൾ ഫിറ്റായിരിക്കാനുള്ള നിങ്ങളുടെ എല്ലാ മോഹങ്ങളും കഠിനാധ്വാനങ്ങളും വെള്ളത്തിലാക്കും.
പതിവുതെറ്റാതെയുള്ള വ്യായാമങ്ങൾ
ആരോഗ്യകരമായ ഒരു ശരീരഭാരം നിലനിർത്താൻ അധിക കലോറികൾ കൃത്യമായ വ്യായമത്തിലൂടെ കളയുകയെന്നതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.
ഫുഡ് ജേണലുകൾ സൂക്ഷിക്കുക
ഭക്ഷണക്രമത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എഴുതി സൂക്ഷിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വ്യായാമരീതികൾ, വ്യായാമം ചെയ്ത സമയം, കഴിച്ച വിറ്റാമിനുകൾ, കലോറികൾ എന്നിവയെല്ലാം ഉൾപ്പെടുത്താം. അത് നിങ്ങളെ ശരീരത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കും.
സുസ്ഥിരമായ ജീവിതശൈലി
ഉറക്കം, ഭക്ഷണം, വ്യായാമം എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ ഷെഡ്യൂൾ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിയ്ക്കും.
ഇതൊക്കെ കാര്യമെങ്കിലും, ഇടയ്ക്ക് ഒരു ‘ചീറ്റ് ഡേ’ ആഘോഷിക്കുന്നതിൽ തെറ്റില്ല. ഇവ വ്യക്തിയുടെ ആരോഗ്യവും ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളും കണക്കിലെടുത്താവണമെന്ന് മാത്രം.